ഇനി ഓട്ടോറിക്ഷകളില്‍ ടൂര്‍ പാക്കേജ്

തിരുവനന്തപുരം.
കേരളത്തിന്റെ വിനോദസഞ്ചാര രംഗത്ത് ഓട്ടോറിക്ഷ തൊഴിലാളികളെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാനൊരുങ്ങി ടൂറിസം വകുപ്പ്. നഗരത്തിലെ ഓട്ടോ തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് ടൂറിസം പാക്കേജ് ആരംഭിക്കുന്നത്. ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംരംഭം ഒരു കുടക്കീഴിലാക്കും.
ആദ്യഘട്ടമെന്ന നിലയില്‍ വയനാട് ജില്ലയില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടെ ‘മലബാര്‍ റാംപേജ്’ എന്ന പേരില്‍ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലൂടെ 11 ഓട്ടോറിക്ഷകളില്‍ സഞ്ചാരികള്‍ യാത്ര ചെയ്തു.
11 ഓട്ടോറിക്ഷകളില്‍ 22 സഞ്ചാരികള്‍. അതും ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ജര്‍മ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും. വിദേശ രാജ്യങ്ങളില്‍ നിന്നും സഞ്ചാരികള്‍ കേരളത്തെ തേടി എത്തുന്നു എന്ന് മാത്രമല്ല, അവര്‍ കേരളത്തിന്റെ വ്യത്യസ്തമായ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് പ്രോത്സാഹനമാവുകയാണ്. ഇത് കേരള ടൂറിസത്തിന്റെ പുതിയ ചുവടുവെയ്പുകള്‍ക്കുള്ള കരുത്താണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി