റെയ്മണ്ട്സിന്റെ എഫ്എംസിജി ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് ഏറ്റെടുക്കുന്നു

ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎൽ) പ്രമുഖ വസ്ത്ര ബ്രാൻഡായ റെയ്മണ്ട്സിന്റെ എഫ്എംസിജി ബിസിനസ് ഏറ്റെടുക്കുന്നു. ഏകദേശം 2825 കോടി രൂപയുടെ ഏറ്റെടുക്കലാണിത്. പാർക്ക് അവന്യു, കാമസൂത്ര തുടങ്ങിയ ബ്രാൻഡുകളുടെ ട്രേഡ് മാർക്ക് ഉൾപ്പെടെയുള്ള ഏറ്റെടുക്കലാണ് ഇതു വഴി നടക്കുന്നത്.

റെയ്മണ്ട് ലിമിറ്റഡിന്റെ അസോഷ്യേറ്റ് കമ്പനിയാണ് റെയ്മണ്ട് കൺസ്യൂമർ കെയർ. ഇതിൽ റെയ്മണ്ട് ലിമിറ്റഡിന് 47 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 522 കോടി രൂപയാണ്. 6.5 ലക്ഷം റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ റെയ്മണ്ട് കൺസ്യൂമർ കെയറിന് സ്വാധീനമുണ്ട്. കൂടാതെ, ഔറംഗബാദിൽ ഗർഭനിരോധന ഉറകളുടെ നിർമാണ യൂണിറ്റും റെയ്മണ്ട് കൺസ്യൂമർ കെയറിനുണ്ട്.

റിയൽ എസ്റ്റേറ്റ്, ലൈഫ് സ്റ്റൈൽ മേഖലകളിൽ പ്രവർത്തിക്കുന്ന റെയ്മണ്ട് 4260. 66 കോടി രൂപ വരുമാനം നേടിയിരുന്നു. 2 വർഷമായി റെയ്മണ്ട് കൺസ്യൂമർ കെയർ വിറ്റഴിക്കാനുള്ള ശ്രമത്തിലായിരുന്നു റെയ്മണ്ട് . ഏറ്റെടുക്കലിലൂടെ എഫ്എംസിജി രംഗത്ത് ശക്തി തെളിയിക്കാൻ ജിസിപിഎല്ലിന് കഴിയുമെന്ന് വിലയിരുത്തുന്നു. ബിഎസ്ഇയിൽ റെയ്മണ്ട് ഓഹരി വില 6.55 ശതമാനം ഉയർന്ന് 1717.35 രൂപയിലെത്തി. ഒരവസരത്തിൽ 1755 രൂപ വരെ ഉയർന്നിരുന്നു.