റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സുതാര്യമാക്കാന്‍ കെ- റെറയുടെ വെബ്‌സൈറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സുതാര്യമാക്കാന്‍ കെ-റെറയുടെ പരിഷ്‌ക്കരിച്ച വെബ്സൈറ്റ്. കെട്ടിടങ്ങളും ഫല്‍റ്റുകളും വാങ്ങുന്നതിനു മുമ്പ് കെ-റെറ സന്ദര്‍ശിച്ച് നിര്‍മാതാക്കളുടെ സുതാര്യത പരിശോധിക്കാവുന്ന രീതിയിലാണ് പുതിയ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നവീകരിച്ച വെബ്സൈറ്റ് ഉപയോക്താക്കള്‍ക്കും പ്രൊമോട്ടര്‍മാര്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണെന്ന് എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ കെറെറയുടെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെറെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍ ഐ.എ.എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇതര സംസ്ഥാനങ്ങളിലേതു പോലെ കോമേഴ്സ്യല്‍ സ്പേസുകളുടെ വികസനവും അതിലൂടെയുള്ള നിക്ഷേപ സാധ്യതകളും കേരളം വലിയ രീതിയില്‍ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ പ്രസിദ്ധീകരിച്ച കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് മന്ത്രി പ്രകാശനം ചെയ്തു. കെറെറ സെക്രട്ടറി വൈ. ഷീബ റാണി വെബ്സൈറ്റ് പരിചയപ്പെടുത്തി. കെറെറ ഐ.ടി. ഹെഡ് രാഹുല്‍ ചന്ദ്രന്‍ ചടങ്ങില്‍ വെബ്സൈറ്റിന്റെ ഡെമോണ്‍സ്ട്രേഷന്‍ നടത്തി. അതോറിറ്റി അംഗങ്ങളായ പ്രീത പി. മേനോന്‍, എം. പി. മാത്യൂസ് എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു.
കേരളത്തിലെ ഏതു ജില്ലയിലും വളരെ എളുപ്പത്തില്‍ പുതിയ അപ്പാര്‍ട്ട്മെന്റുകള്‍, പ്ലോട്ടുകള്‍, വില്ലകള്‍, കൊമേഴ്സ്യല്‍ സ്പേസ് എന്നിവ തിരഞ്ഞ് കണ്ടു പിടിക്കാന്‍ ഉതകുന്ന ‘പ്രോപ്പര്‍ട്ടി എക്സ്പ്ലൊറേഷന്‍ ടൂള്‍’ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെബ്സൈറ്റിന്റെ വിവിധ വിഭാഗങ്ങള്‍ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ അതോറിറ്റിക്കു മുമ്പാകെ നിര്‍ബന്ധമായും ഹാജരാക്കേണ്ട രേഖകളെ പ്രതിപാദിക്കുന്നു. ബില്‍ഡിങ് പ്ലാനുകള്‍, ബില്‍ഡിങ് പെര്‍മിറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപ്പ്രൂവലുകള്‍, സാങ്ഷനുകള്‍, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റുകള്‍, ടൈറ്റില്‍ ഡീഡുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് അത്തരം രേഖകള്‍. കൃത്രിമങ്ങളോ ചട്ടലംഘനങ്ങളോ സംഭവിക്കുന്നത് പിഴയീടാക്കുന്നതിലേക്ക് നയിക്കും. https://rera.kerala.gov.in എന്ന അഡ്രസിലൂടെ കെറെറ വെബ്സൈറ്റില്‍ പ്രവേശിക്കാവുന്നതാണ്.