ഇന്ത്യൻ കോഫി ഹൗസിന് 30ന് താഴ് വീഴും

by

in

അൻപത്തിയെട്ടു കൊല്ലമായി കൊല്ലത്ത് ചൂടേറിയ രാഷ്ട്രീയ, സാഹിത്യ ചർച്ചകൾക്കും സിനിമാക്കാർ, എഴുത്തുകാർ, നേതാക്കൾ എന്നിവരുടെ കൂടിക്കാഴ്ചകൾക്കും സാക്ഷ്യംവഹിച്ച ഇന്ത്യൻ കോഫി ഹൗസിന് ഈ മാസം 30ന് താഴ് വീഴും. അർച്ചന,ആരാധന ബിൽഡിങ്ങിലാണ് കോഫി ഹൗസ് പ്രവർത്തിക്കുന്നത്. 1965 ജൂലൈ 27നാണ് പോളയത്തോട് കപ്പലണ്ടിമുക്കിൽ ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം ആരംഭിച്ചത്.

അന്നത്തെ മുനിസിപ്പൽ ചെയർമാൻ ടി.കെ ദിവാകരനായിരുന്നു ഉദ്ഘാടനം. പിന്നീട് ഇത് കൊല്ലം മെയിൻ റോഡിലേക്കു മാറ്റി. എൻ.എ.എൻ.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എൻ.എ നാരായണ റെഡ്ഡിയാരുടെ സ്ഥലത്തേക്കാണ് കോഫി ഹൗസ് മാറ്റിസ്ഥാപിച്ചത്. മെയിൻ റോഡിലെ കമ്പോളത്തിലും വിവിധ വ്യാപാര സ്ഥാപനങ്ങളിലും വരുന്നവരുടെ പ്രധാന കേന്ദ്രമായി കോഫി ഹൗസ് മാറി. നിരവധിപേർക്ക് ബിരിയാണി പരിചയപ്പെടുത്തിയതും തൃശൂർ ആസ്ഥാനമായുള്ള സഹകരണ സ്ഥാപനമായ കോഫിഹൗസ് തന്നെ.

2014ൽ ആണ് താലൂക്ക് കച്ചേരി ജങ്ഷനിൽനിന്ന് ചിന്നക്കടയിലേക്ക് വരുന്ന ഭാഗത്തേക്ക് സ്ഥാപനം മാറ്റിസ്ഥാപിച്ചത്. നിലവിൽ കൊല്ലം കോഫി ഹൗസിലെ ശരാശരി വിൽപന 32,000 രൂപയും മാസവാടക 35,000 രൂപയുമാണ്. ജീവനക്കാരുടെ കുറവും തിരക്കില്ലാത്ത സ്ഥലത്തേക്ക് മാറ്റിയതും കച്ചവടത്തിൽവന്ന കുറവുമാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിന് പറയുന്ന കാരണം. സ്ഥലംമാറ്റിയവർക്കു പകരം ജീവനക്കാരെ മാനേജ്‌മെന്റ് നിയമിക്കാത്തതും തിരിച്ചടിയായി. തുടക്കത്തിൽ നാൽപതോളം ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. പിന്നീടിത് 19 ആയി കുറഞ്ഞു. ജില്ലയിൽ മറ്റൊരു കോഫി ഹൗസുള്ള കൊട്ടാരക്കരയിൽ ജീവനക്കാരുടെ എണ്ണം നാൽപതിലധികവും ശരാശരി കച്ചവടം 1.30 ലക്ഷം രൂപയുമാണ്. ഉച്ചയൂണില്ലാത്തതും കൊല്ലത്തെ കോഫി ഹൗസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.പതിനഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കാനാണ് മാനേജ്‌മെന്റ് ആദ്യം തീരുമാനിച്ചത്. ഇതനുസരിച്ച് കെട്ടിടം ഉടമയ്ക്ക് അറിയിപ്പും നൽകിയിരുന്നു. എന്നാൽ, ഒരു ജീവനക്കാരൻ മാസാവസാനം സർവീസിൽ നിന്ന് വിരമിക്കുന്നതിനാലാണ് അടച്ചുപൂട്ടുന്നത് 30ലേക്കു മാറ്റിയത്