ബൈജൂസില്‍ വീണ്ടും പിരിച്ചുവിടല്‍; 5000 ജീവനക്കാരെ വെട്ടിക്കുറച്ചേക്കും

മുംബൈ. വരവു കുറയുകയും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ ആഗോള ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ ബൈജൂസിന് പിടിച്ചുനില്‍ക്കാന്‍ നിലവിലെ പൊടിക്കൈകളൊന്നും തികയില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഏഴായിരം കോടിയിലധികം രൂപ കടമെടുത്തെങ്കിലും വരുമാനം വര്‍ധിക്കാത്തതും പല കമ്പനികളേയും പെട്ടെന്നു ഏറ്റെടുത്തതും കമ്പനിയുടെ ഗ്രാഫ് താഴ്ത്തി.
ഇതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ഓഫിസുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്താണു ബൈജൂസ് ചെലവു ചുരുക്കല്‍ പദ്ധതി ആരംഭിച്ചത്. വരും ആഴ്ചകളില്‍ 5000 ജീവനക്കാരെ വെട്ടിക്കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈജൂസിന്റെ കടബാധ്യതകളും യുഎസ് കോടതിയിലെ നിയമപരമായ കേസും പലതവണ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ കമ്ബനി 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്ങ്) വൈകുകയും നിക്ഷേപകരുടെ സമ്മര്‍ദം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
മാര്‍ക്കറ്റിംഗ് വകുപ്പിലെ തസ്തികകളും മുതിര്‍ന്ന എസ്സിക്യൂട്ടീവ് തലത്തിലുള്ള തൊഴിലവസരങ്ങളേയുമാണ് പുതിയ നടപടി ബാധിക്കുക. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷേമമാക്കാനും ചിലവ് ചുരുക്കാനും വേണ്ടി ബിസിനസ് പുനര്‍രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നതെന്ന് ബൈജൂസിന്റെ വക്താവ് വ്യക്തമാക്കി.
ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിലാണ് ജീവനക്കാരുടെ വെട്ടിക്കുറയ്ക്കല്‍ നടപടികള്‍ നടപ്പാക്കുക, അനുബന്ധ സ്ഥാപനങ്ങളെ ഇത് ബാധിച്ചേക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിലധികം ജോലികളാണ് ബൈജൂസ് വെട്ടിക്കുറച്ചത്, കരാര്‍ വ്യവസ്ഥകളും, മുഴുവന്‍ സമയ ജോലികളും വെട്ടിക്കുറച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.
കമ്പനിയുടെ ഇന്ത്യാ ബിസിനസ്സിന്റെ ചീഫ് എക്‌സിക്യൂട്ടീവായി അടുത്തിടെ ചുമതലയേറ്റ അര്‍ജുന്‍ മോഹന്‍, ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ പുറത്തിറക്കുന്ന മാറ്റങ്ങളുടെ ഭാഗമായി നിരവധി ബിസിനസ്സുകളെ ലയിപ്പിക്കുമെന്ന് സീനിയര്‍ എക്‌സിക്യൂട്ടീവുകളെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വര്‍ഷം 22 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന ബൈജൂസിനിപ്പോള്‍ അഞ്ച് ബില്യന്‍ ഡോളര്‍ ആസ്തിയാണുള്ളത്. ബിസിനസ്സിലുണ്ടായ തിരിച്ചടികളാണ് കാരണം. ഇതിനെ തുടര്‍ന്ന് ഓഡിറ്ററും നിരവധി ബോര്‍ഡ് അംഗങ്ങളും കമ്ബനിയില്‍ നിന്ന് വിരമിച്ചിരുന്നു. വലിയ കടബാധ്യതയിലുള്ളതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി, 1.2 ബില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടയ്ക്കാനുള്ള ചര്‍ച്ചകള്‍ ബൈജൂസില്‍ നടന്നു വരികയാണ്.
കോവിഡ് കാലത്താണ് ബൈജൂസിന് കൂടുതല്‍ ലാഭമുണ്ടാക്കാനായത്. 2020ല്‍ 2381 കോടി രൂപ വരവുണ്ടായി. എന്നാല്‍ ആ വര്‍ഷവും മൊത്തം കണക്കില്‍ 26 കോടി രൂപ നഷ്ടമായിരുന്നു. 2021ല്‍ 4558 കോടിരൂപയാണ് നഷ്ടമുണ്ടായത്.