കേരള ബാങ്ക് : 209 കോടി രൂപ അറ്റലാഭം

2023-24 സാമ്പത്തിക വർഷം കേരള ബാങ്ക് 209 കോടി രൂപയുടെ അറ്റ ലാഭം നേടി (കഴിഞ്ഞ സാമ്പത്തിക വർഷം അറ്റലാഭം 20.5 കോടി രൂപയായിരുന്നു). രൂപീകരണ ശേഷമുള്ള 5 സാമ്പത്തിക വർഷങ്ങളിലും ബാങ്ക് അറ്റലാഭം നേടുകയുണ്ടായി. നിക്ഷേപത്തിലും വായ്പയിലും മൊത്തം ബിസിനസ്സിലും ക്രമാനുഗതമായ വളർച്ചയുണ്ടായി. മൊത്തം ബിസിനസ് 2020 മാർച്ച് 31-ലെ 101194 കോടി രൂപയിൽ നിന്നും 2024 മാർച്ച് 31 പ്രകാരം 116582 കോടി രൂപയായി ഉയർന്നു.
• 2023-24 സാമ്പത്തിക വർഷം പുതുതായി 19601 കോടി രൂപയുടെ വായ്പ അനുവദിച്ചു. കാർഷിക മേഖലയിൽ 99200 വായ്പകളും, ചെറുകിട സംരംഭ മേഖലയിൽ 85000-ത്തിലധികം വായ്പകളും ഇക്കാലയളവിൽ ബാങ്ക് നൽകിയത്.
• 2024 മാർച്ച് 31 പ്രകാരം ബാങ്കിന്റെ മൂലധന പര്യാപ്തത 10.32% ആണ്. 9% മാണ് റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം മൂലധന പര്യാപ്തത വേണ്ടത്. ഇക്കാര്യത്തിൽ നിലവിൽ ബാങ്കിന്റെ സ്ഥിതി സുരക്ഷിതമാണ്.
• നബാർഡിൽ നിന്നുമുള്ള കാർഷിക-കാർഷികേതര വായ്പ 6173 കോടിയിൽ നിന്നും 11113 കോടിയായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷം 80 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
• പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് (PACS) 10335 കോടി രൂപയുടെ വായ്പ അനുവദിച്ചു. (ബാങ്കിന്റെ മൊത്തം വായ്പയിൽ 21 ശതമാനം വായ്പയാണ് ഇത്). ഇത് പടിപടിയായി ഉയർത്തുന്നതിനുള്ള കർമ്മ പദ്ധതികൾ തൻ വർഷം ആസൂത്രണം ചെയ്തിട്ടുണ്ട്.
• 29.11.2019-ന് കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ബാങ്കിന്റെ സഞ്ചിത നഷ്ടം 1151 കോടി രൂപ ആയിരുന്നു. നിഷ്ക്രിയ ആസ്തി 8834 കോടി രൂപയും (23.39%) 2024 മാർച്ച് 31 പ്രകാരം ബാങ്കിന്റെ സഞ്ചിത നഷ്ടം 477 കോടി രൂപയും നിഷ്ക്രിയ ആസ്തി 11.45 ശതമാനവുമാണ്.
• സാമ്പത്തിക ദുർബലതകൾ നേരിടുന്ന പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ പിന്തുണക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.
• കേരള ബാങ്ക് നബാർഡ് പുനർവായ്പാ പിന്തുണയോടെ നടപ്പാക്കിയ PACS as MSC/AIF പദ്ധതിയിൽ 164 PACS കൾക്കായി 203 പ്രൊജെക്ടുകളിൽ 436 കോടി രൂപ അനുവദിച്ചു നൽകിയിട്ടുണ്ട്. ഇതിൽ 53 പദ്ധതികൾ പൂർത്തിയാക്കി കമ്മീഷൻ ചെയ്യുകയും ഈ പദ്ധതികളിൽ നിന്നും വിപണനവും വിദേശ രാജ്യങ്ങളിലേക്കടക്കം കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്.
2024-2025 സാമ്പത്തിക വർഷം വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങൾ
• 2024-2025 സാമ്പത്തിക വർഷം ബാങ്ക് ഊന്നൽ നൽകുന്നത് കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള വായ്പാ വിതരണം വർദ്ധിപ്പിക്കുന്നതിനും തദ്വാര 2025 മാർച്ച് 31 ന് ബാങ്കിന്റെ കാർഷിക മേഖലാ വായ്പയുടെ നിൽപ്പുബാക്കി ബാങ്കിന്റെ മൊത്തം വായ്പയുടെ 30 ശതമാനത്തിലേക്ക് (നിലവിൽ 24.65%) ഉയർത്തുകയും അടുത്ത സാമ്പത്തിക വർഷം (2025-26) മുതൽ ബാങ്കിന്റെ മൊത്തം വായ്പയിൽ മൂന്നിലൊന്ന് (33%) കാർഷിക മേഖലയിൽ ആയിരിക്കണമെന്നുമാണ്.
• ഇതിനായി കാർഷിക മേഖലയിൽ ദീർഘകാല നിക്ഷേപം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദീർഘകാല വായ്പാ പദ്ധതികൾ, കാർഷിക മേഖലയിൽ സ്റ്റാർട്ട് അപ്പുകളുടെ പ്രോത്സാഹനത്തിനായി യുവ പ്രൊഫഷണലുകൾ, യൂത്ത് കോ-ഓപ്പറേറ്റീവ്സ് എന്നിവയ്ക്കായുള്ള സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതി, സ്വയം സഹായ സംഘങ്ങൾ, കുടുംബശ്രീ എന്നിവയുമായി ചേർന്നുള്ള വായ്പാ പദ്ധതികൾ എന്നിങ്ങനെ വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ, ചെറുകിട കച്ചവടക്കാർക്കായി ‘വ്യാപാർ മിത്ര’ വായ്പാ പദ്ധതിയും നടപ്പാക്കും.
• സാധാരണക്കാരുടെ ബാങ്കായ കേരള ബാങ്കിൽ SB അക്കൗണ്ട് തുറക്കുന്നതിന് മിനിമം ബാലൻസ് പരിധിയോ ചാർജുകളോ ഈടാക്കുന്നതല്ല.
നബാർഡ് ഇൻസ്പെക്ഷൻ ഗ്രേഡുമായി ബന്ധപ്പെട്ട വിഷയം
സഹകരണ ബാങ്കുകളുടെ സൂപ്പർവൈസർ എന്ന നിലയിൽ നബാർഡ് വർഷാവർഷം ബാങ്കിൽ ഇൻസ്പെക്ഷൻ നടത്താറുണ്ട്. ഇത് ഒരു സാധാരണ നടപടിക്രമമാണ്. 2022-23 സാമ്പത്തിക വർഷത്തെ ഇൻസ്പെക്ഷനെ തുടർന്ന് നടത്തിയ റേറ്റിംഗിലാണ് ബാങ്കിന്റെ റേറ്റിംഗ് ‘B’-യിൽ നിന്നും ‘C’ ആക്കി മാറ്റിയത്. ഇത്തരത്തിലുള്ള മാറ്റം ബാങ്കിന്റെ പ്രവർത്തനത്തെ വലിയ തോതിൽ ബാധിക്കുന്നതല്ല. ബാങ്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പകൾ, മോർട്ട്ഗേജ് വായ്പകൾ എന്നിവയുടെ പരമാവധി പരിധി 40 ലക്ഷം രൂപയിൽ നിന്നും 25 ലക്ഷം രൂപയായി കുറയുക മാത്രമാണ് ഉണ്ടാകുന്നത്. ബാങ്കിന് 48000 കോടി രൂപയുടെ വായ്പയുണ്ട്. ഇതിൽ ഏകദേശം 3 ശതമാനം വായ്പകൾ മാത്രമാണ് വ്യക്തിഗത വായ്പകൾ, മോർട്ട്ഗേജ് വായ്പകൾ എന്നിവ. ആയതിനാൽ, ബാങ്കിന്റെ നിക്ഷേപത്തെയോ, പ്രധാന വായ്പകളായ കാർഷിക വായ്പ, അംഗ സംഘങ്ങൾക്കുള്ള വായ്പ, ചെറുകിട സംരംഭ വായ്പ, ഭവന വായ്പ എന്നിവയൊന്നിനെയും ഇത് ബാധിക്കുന്നില്ല. പദ്ധതിയുടെ അടിസ്ഥാനത്തിൽ കാര്‍ഷിക വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പരിധിയില്ലാതെയും, വ്യക്തികൾക്ക് ഭവന വായ്പ 75 ലക്ഷം രൂപ വരെയും കേരള ബാങ്ക് വഴി അനുവദിക്കുന്നുണ്ട്. മാത്രമല്ല, 2022-23 സാമ്പത്തിക വർഷം നബാർഡ് ചൂണ്ടിക്കാട്ടിയ കുറവുകൾ ഭൂരിഭാഗവും പരിഹരിക്കുന്നതിന് 2023-24 സാമ്പത്തിക വർഷം കേരള ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here