ന്യൂഡല്‍ഹി: എസ്.ബി.ഐ ബാങ്കിംഗ് പുതിയ നിയമപ്രകാരം എ.ടി.എമ്മില്‍ മതിയായ ബാലന്‍സ് ഇല്ലാതെ ഇടപാട് പരാജയപ്പെട്ടാല്‍ 20 രൂപയും ജിഎസ്ടിയും ഈടാക്കും. എ.ടി.എം ഉപയോഗിക്കുന്നതിനുമുണ്ട് നിബന്ധന. മെട്രോ നഗരങ്ങളില്‍, എസ്ബിഐ സാധാരണ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ എട്ട് സൗജന്യ ഇടപാടുകള്‍ അനുവദിക്കും. ഇതില്‍ കൂടുതലുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്ന് അധിക നിരക്ക് ഈടാക്കും.
എസ്ബിഐ സാധാരണ സേവിംഗ്‌സ് അക്കൌണ്ട് ഉടമകള്‍ക്ക് ഒരു മാസത്തില്‍ 8 സൗജന്യ ഇടപാടുകള്‍ അനുവദിക്കുന്നു. 5 എസ്ബിഐ എടിഎമ്മുകളില്‍ നിന്നും മറ്റേതെങ്കിലും ബാങ്കിന്റെ 3 എടിഎമ്മുകളില്‍ നിന്നുമുള്ള സൗജന്യ ഇടപാടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നോണ്‍-മെട്രോ നഗരങ്ങള്‍ക്ക് 10 സൗജന്യ എടിഎം ഇടപാടുകള്‍ ലഭിക്കും. അതില്‍ 5 ഇടപാടുകള്‍ എസ്ബിഐയില്‍ നിന്നും 5 എണ്ണം മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും നടത്താം.
ഒടിപി ഉപയോഗിച്ച് പുതിയ രീതിയില്‍ എസ്ബിഐ എടിഎം വഴി പണം പിന്‍വലിക്കാം. എല്ലാ എസ്ബിഐ എടിഎമ്മുകളിലുമുടനീളം 10,000 രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ ഒറ്റത്തവണ പാസ്വേഡ് (ഒടിപി) സഹായത്തോടെ അനുവദിക്കുന്നു. ഉപഭോക്താക്കളുമായി സുരക്ഷിതമായ ബാങ്കിംഗ് നടപടികള്‍ക്കായുള്ള ചില ടിപ്പുകള്‍ കഴിഞ്ഞ ദിവസം ബാങ്ക് പങ്കിട്ടിരുന്നു. എടിഎം-കം-ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ എടിഎം ഇടപാടുകള്‍ പൂര്‍ണ്ണ സ്വകാര്യതയോടെ നടത്തണമെന്നാണ് എസ്ബിഐ പറയുന്നത്.