പുതിയ ആദായ നികുതി റിട്ടേണ്‍ ഫോം പുറത്തിറക്കി

മുംബൈ: കൊറോണയെ തുടര്‍ന്നുണ്ടായ സവിശേഷ സാഹചര്യത്തില്‍ വേണ്ട മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 2020-21 അസസ്‌മെന്റ് വര്‍ഷത്തേക്കുള്ള പുതിയ ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കി.
ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, മറ്റു നിക്ഷേപങ്ങള്‍ എന്നിവ രേഖപ്പെടുത്താനുള്ള കോളങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഐ.ടി.ആര്‍. 1 സഹജ്, 2, 3, 4 സുഗാം, 5, 6, 7, ഐ.ടി.ആര്‍.-V ഫോമുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അടച്ചിടലിനെ തുടര്‍ന്ന് ആദായ നികുതി ഒഴിവുകളും ഇളവുകളും ലഭിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31-ല്‍നിന്ന് ജൂണ്‍ 30 വരെ നീട്ടിയിരുന്നു. അതായത് ജൂണ്‍ 30 വരെയുള്ള നിക്ഷേപങ്ങള്‍ ആവശ്യമെങ്കില്‍ 2020 സാമ്പത്തിക വര്‍ഷം നികുതി ഇളവിനായി സമര്‍പ്പിക്കാം.
എല്ലാത്തരത്തിലുമുള്ള ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 30 ആക്കിയിട്ടുണ്ട്.