സംസ്ഥാനത്തെ കെട്ടിടങ്ങള്‍ക്കുള്ള നികുതി വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി

സംസ്ഥാനത്തെ കെട്ടിടങ്ങള്‍ക്കുള്ള നികുതി വര്‍ധിപ്പിച്ച് വിഞ്ജാപനം ഇറക്കി. പഞ്ചായത്തുകളില്‍ ചതുരശ്ര മീറ്ററിനു ചുമത്താവുന്ന കുറഞ്ഞ നികുതി ഇരട്ടിയാക്കി. ഏപ്രില്‍ ഒന്നിനുശേഷം പൂര്‍ത്തിയാകുന്ന വീടുകള്‍ക്കാണ് പുതിയ നികുതി ബാധകമെന്നാണ് മന്ത്രിയുടെ ഓഫിസിന്‍റെ വിശദീകരണം
കെട്ടിടങ്ങള്‍ക്ക് നിലവിലുള്ള നികുതിയുടെ അഞ്ചു ശതമാനം വര്‍ധനയെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാല്‍ പുതിയ വീടുകള്‍ക്ക് അടിസ്ഥാന –കൂടിയ നികുതി പരിഷ്കരിച്ച് പുതിയ വിജ്ഞാപനമിറക്കി. പഞ്ചായത്തുകളിലെ പുതിയ വീടുകള്‍ക്ക് ചതുരശ്രമീറ്ററിനു നിലവിലുള്ള 3 രൂപ കുറഞ്ഞ നിരക്കും 8 രൂപ കൂടിയ നിരക്കുമെന്നത് ആറു രൂപയും പത്തു രൂപയുമാക്കി മാറ്റി. നഗരസഭ 6 രൂപയും 15 രൂപയുമെന്നത് 10 രൂപയും 18രൂപയുമാക്കി മാറ്റി . കോര്‍പറേഷനിലെ 10 രൂപയും 20 രൂപയുമെന്നത് 12 രൂപയും 25 രൂപയുമാക്കി മാറ്റി. കുറഞ്ഞ നിരക്കും കൂടിയ നിരക്കും കണക്കിലെടുത്ത് പഞ്ചായത്തുകളാണ് എത്ര വേണമെന്നു തീരുമാനിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ പാസാക്കി പിന്നീട് വിജ്ഞാപനം ഇറക്കുന്നതോടെയാണ് കെട്ടിട നികുതി പ്രാബല്യത്തില്‍ വരിക.അതാതായത് പഞ്ചായത്തില്‍ 1200 സ്ക്വയര്‍ ഫീറ്റ് വീടു വെയ്ക്കുന്നയാള്‍ക്ക് നേരത്തെയുള്ള കുറഞ്ഞ നിരക്കായ 3 രൂപ കണക്കാക്കിയായിരുന്നെങ്കില്‍ 370 രൂപ യാകുന്നിടത്ത് പുതിയ അടിസ്ഥാന നികുതി പ്രകാരം 740 രൂപയാകും. നിരക്ക് വര്‍ധന ഇരട്ടിയോളമാകുമെന്നര്‍ഥം . സമാനമായ വര്‍ധന നഗരസഭ, കോര്‍പറേഷനിലുമുണ്ടാകും. ഇതുകൂടാതെ മൊബൈല്‍ ടവറുകള്‍, ആശുപത്രി കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍, ഹോം സ്റ്റേ എന്നിവയ്്ക്കെല്ലാം നികുതി നിരക്കില്‍ വര്‍ധന വന്നിട്ടുണ്ട്.