ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച് റോയല്‍ തായ് കോണ്‍സുലേറ്റ് ജനറല്‍

തിരുവനന്തപുരം. തായ്ലന്റിലെ യൂണിവേഴ്സിറ്റികളുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ റോയല്‍ തായ് കോണ്‍സുലേറ്റ് ജനറല്‍ നിതിറൂഗെ ഫോനെപ്രെസേര്‍ട് ടെക്നോപാര്‍ക്കിലെത്തി. ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) കേരളത്തിലെ ഐ.ടി എക്കോസിസ്റ്റത്തെപ്പറ്റിയും അതിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളെപ്പറ്റിയും അദ്ദേഹത്തിന് വിവരിച്ച് കൊടുത്തു. രാജ്യത്തിന്റെ ഡിജിറ്റല്‍ വളര്‍ച്ചയില്‍ കേരള ഐ.ടിയുടെ പങ്കിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ടെക്നോപാര്‍ക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വസന്ത് ശ്രീകുമാര്‍ വരദ, അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിങ്ങ് ആന്‍ഡ് റിക്രൂട്ട്മെന്റ്) ആനി മോസസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ) യുമായി തായ്ലന്റിലെ യൂണിവേഴ്സിറ്റികള്‍ക്ക് സഹകരിക്കാനുള്ള സാധ്യതകളെപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സാംസ്‌കാരിക കൈമാറ്റവും സഹകരണവും വര്‍ധിപ്പിക്കാന്‍ ഈ കൂടിക്കാഴ്ച്ച സഹായിക്കും. ഐ.സി.ടി.എ.കെ സി.ഇ.ഒ സന്തോഷ് കുറുപ്പ്, കോര്‍പറേറ്റ് റിലേഷന്‍സ് ലീഡ് തോമസ് ജോസഫ്, ഹെഡ് ഓഫ് ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ആര്‍. ഗോപിനാഥ് നായര്‍ എന്നിവര്‍ ഐ.സി.ടി.എ.കെയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.