ഇനിയും 2000 നോട്ട് മാറാൻ അവസരം

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച രണ്ടായിരം രൂപയുടെ നോട്ടുകൾ രാജ്യത്തെ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള സമയ പരിധി അവസാനിച്ചു. പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് ആർ ബി ഐയിൽ നിന്നും ഇന്ന് ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ടുകൾ. ഇന്ന് എത്ര 2000 നോട്ടുകൾ തിരിച്ചെത്തി എന്നത് പരിശോധിക്കുമ്പോൾ കണക്കുകളിൽ മാറ്റമുണ്ടായേക്കും. 3.43 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഇതിനോടകം തിരിച്ചെത്തിയെന്നും പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നുമാണ് ആർ ബി ഐ ഇന്ന് അറിയിച്ചത്.

ആർ.ബി ഐ വഴി ഇനിയും മാറാം

ഇനി മുതൽ രാജ്യത്തെ 19 ആർ ബി ഐ ഇഷ്യു ഓഫീസുകളിലൂടെ മാത്രമേ 2000 നോട്ടുകൾ മാറിയെടുക്കാനാകൂ. ഇതിനായി രേഖകളടക്കം സമർപ്പിക്കേണ്ടിവരും. കേരളത്തിലാകട്ടെ ഇനി 2000 നോട്ടുകൾ മാറിയെടുക്കാൻ ഒരേ ഒരു വഴി മാത്രമാണ് ഉള്ളത്. തിരുവനന്തപുരത്തെ ആർ ബി ഐ ഇഷ്യൂ ഓഫീസിലെത്തിയാൽ മാത്രമേ ശേഷിക്കുന്ന 2000 നോട്ടുകൾ മാറിയടുക്കാനാകു. മെയ് 19 നാണ് രണ്ടായിരം രൂപയുടെ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ആർ ബി ഐ പ്രഖ്യാപിച്ചത്. മാറിയെടുക്കാൻ സമയം പ്രഖ്യാപിച്ചുകൊണ്ടാണ് 2000 നോട്ടുകൾ പിൻവലിക്കുന്നതായി ആ‍ർ ബി ഐ അറിയിച്ചത്. ഈ സമയപരിധി നേരത്തെ നീട്ടി നൽകിയതാണ് ഇന്ന് അവസാനിച്ചത്.