ലോക റെക്കോര്‍ഡിലേറി തിരുവനന്തപുരം ലുലു മാളിലെ ഭീമന്‍ കേക്ക് മിക്സിംഗ്

മാളിനകത്ത് ഒരു മണിക്കൂറിനുള്ളില്‍ 6000 കിലോയിലധികം ചേരുവകള്‍ മിക്സ് ചെയ്തതാണ് ചരിത്രമായത് ; 250ലധികം പേര്‍ പങ്കെടുത്തു

തിരുവനന്തപുരം : ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുക്കിയ ഭീമന്‍ കേക്ക് മിക്സിംഗ് ലോക റെക്കോര്‍ഡിലിടം പിടിച്ചു. മാളിനകത്ത് ഒരു മണിക്കൂറിനുള്ളില്‍ 6000 കിലോയിലധികം ചേരുവകള്‍ ക്രിസ്തുമസ് കേക്കുകള്‍ക്കായി മിക്സ് ചെയ്തതാണ് റെക്കോര്‍ഡിനര്‍ഹമായത്. മാളിലെ ജീവനക്കാരും, ക്ഷണിക്കപ്പെട്ട അതിഥികളും, ഉപഭോക്താക്കളും അടക്കം 250ലധികം പേര്‍ മിക്സിംഗില്‍ പങ്കെടുത്തു.

മാളിലെ ഗ്രാൻഡ് എട്രിയത്തിൽ തയ്യാറാക്കിയ 100 അടിയിലധികം നീളവും 60 അടി വീതിയുമുള്ള കൂറ്റന്‍ ക്രിസ്തുമസ് നക്ഷത്ര രൂപത്തിലാണ് ചേരുവകള്‍ സജ്ജമാക്കിയിരുന്നത്. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാൻഡിഡ്ചെറി, ജിഞ്ചര്‍ പീൽ, ഓറഞ്ച് പീൽ, മിക്സഡ് പീല്‍ ഉൾപ്പെടെ 25 ഓളം ചേരുവകള്‍ നിരത്തിയിരുന്നു. കൗണ്ട് ഡൗണ്‍ തുടങ്ങിയതോടെ എല്ലാവരും ചേര്‍ന്ന് ചേരുവകള്‍ മിക്സ് ചെയ്തു. വേള്‍ഡ് റെക്കോര്‍‍ഡ്സ് യൂണിയന്‍ അഡ്ജു‍ഡിക്കേറ്റര്‍ ക്രിസ്റ്റഫര്‍.ടി.ക്രാഫ്റ്റ്, ക്യുറേറ്റര്‍ പ്രജീഷ് നിര്‍ഭയ തുടങ്ങിയവര്‍ കേക്ക് മിക്സിംഗ് റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹമാകുമോ എന്ന് പരിശോധിയ്ക്കാന്‍ എത്തിയിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ മിക്സിംഗ് പൂര്‍ത്തിയായി. തുടര്‍ന്നാണ് ഏറ്റവുമധികം ചേരുവകള്‍ ഉപയോഗിച്ചുള്ള ലുലു മാളിലെ കേക്ക് മിക്സിംഗ് ലോക റെക്കോര്‍ഡിനര്‍ഹമായതായി അഡ്ജു‍ഡിക്കേറ്റര്‍ ക്രിസ്റ്റഫര്‍.ടി.ക്രാഫ്റ്റ് പ്രഖ്യാപിച്ചത്.

വേള്‍ഡ് റെക്കോര്‍ഡ്സ് യൂണിയന്‍റെ സര്‍ട്ടിഫിക്കറ്റും മെഡലും അഡ്ജു‍ഡിക്കേറ്ററില്‍ നിന്ന് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദനും, റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ.വി യും ചേർന്ന് ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ അനൂപ് വര്‍ഗ്ഗീസ്, , മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കേക്ക് മിക്സ് 60 ദിവസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിർമ്മാണം ആരംഭിക്കുക. മദ്യമോ മറ്റ് കൃത്രിമ കളറുകളോ ചേര്‍ക്കാതെയാണ് ലുലുവിൽ കേക്ക് നിർമ്മിക്കുന്നത്. 45000 കേക്കുകളാണ് ഇത്തവണ തിരുവനന്തപുരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തയ്യാറാക്കുക.

ഏറ്റവുമധികം പേർ പങ്കെടുത്ത മെഗാ അത്തപ്പൂക്കളത്തിനും, മാസ് സാൻറാ നൃത്തത്തിനും, മാസ് ദഫ് മുട്ടിനും ഗിന്നസ് റെക്കോർഡ് അടക്കമുള്ള നേട്ടങ്ങൾ നേരത്തെ ലുലു മാളിനെ തേടിയെത്തിയിരുന്നു.