റിയാദ്: വന്‍ വ്യവസായ പദ്ധതിക്കായി സൗദി ഒരുങ്ങുന്നു. 74 ബില്യന്‍ റിയാല്‍ മുതല്‍ മുടക്കില്‍ 60 വ്യവസായ പദ്ധതികളാണ് ആരംഭിക്കുക. പദ്ധതി വഴി മുപ്പത്തിനാലായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കും.
വ്യാവസായിക വികസന കേന്ദ്രത്തിന് കീഴിലാണ് സൗദിയില്‍ വന്‍ പദ്ധതികള്‍ വരുന്നത്. സെന്റര്‍ ലക്ഷ്യമിട്ട 60ലധികം പദ്ധതികളില്‍ 33 ശതമാനവും നിലവില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇവയുടെ മുതല്‍മുടക്ക് 20 ബില്യന്‍ കവിയും. അവശേഷിക്കുന്ന മൂന്നില്‍ രണ്ട് ഭാഗവും ഉടനെ ആരംഭിക്കും.
34,000 പേര്‍ക്ക് പ്രത്യക്ഷമായി തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി. പരോക്ഷമായി തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ തൊഴില്‍ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ഈ പദ്ധതികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
രാഷ്ട്രത്തിന് ആവശ്യമായ വസ്തുക്കള്‍ രാജ്യത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. വിദേശ ഉത്പന്നങ്ങളെ അവലംബിക്കുന്നതും ഇറക്കുമതി കുറക്കലും ലക്ഷ്യമാണ്. ഭക്ഷ്യ വിഭവങ്ങള്‍, മരുന്ന്, വാക്സിന്‍ ഉല്‍പാദനം, രോഗപ്രതിരോധ ഉപകരണങ്ങള്‍, ലോഹ ഉല്‍പന്ന വ്യവസായം എന്നിവ രാജ്യത്ത് ലഭ്യമാക്കാനാണ് നീക്കം. അന്താരാഷ്ട്ര സഹകരണത്തോടെ കപ്പല്‍, വിമാനം, എലെക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണവും സമീപ ഭാവിയില്‍ ആരംഭിക്കും.