ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാന്‍ ആഗോളസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 16 കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. സാംസങ്, ഫോക്‌സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍, ലാവ, മൈക്രോമാക്‌സ്, പഡ്‌ഗെറ്റ് ഇലക്ട്രോണിക്‌സ്, യുടിഎല്‍ നിയോലിങ്ക്‌സ്, പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് ഇലക്ട്രോണിക്‌സ്, ഇന്‍ഫോര്‍മേഷന്‍, ടെക് നോളജി മന്ത്രാലയം അംഗീകാരം നല്‍കിയത്.
ഉത്പാദനവുമായി ബന്ധിപ്പിച്ച ആനൂകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായാണിത്. ഓഗസ്റ്റ് ഒന്നുവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ 20 കമ്പനികളാണ് അപേക്ഷ നല്‍കിയത്.
ആഗോള കമ്പനികള്‍ 15,000 രൂപയ്ക്കുമുകളിലുള്ള ഫോണുകളാകും നിര്‍മിക്കുക. എന്നാല്‍ രാജ്യത്തെ കമ്പനികള്‍ക്ക് ഇത് ബാധകമല്ല.സാംസങ്, ഫോക്‌സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട വിദേശ കമ്പനികള്‍.
ഇതില്‍ ഫോക്‌സ് കോണ്‍, ഹോന്‍ ഹായ്, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികള്‍ ആപ്പിളിനുവേണ്ടി ഐ ഫോണ്‍ നിര്‍മിക്കാന്‍ കരാര്‍ ലഭിച്ചവയാണ്.
16 കമ്പനികളും ചേര്‍ന്ന് അഞ്ചുവര്‍ഷംകൊണ്ട് 10.5 ലക്ഷം കോടിയിലേറെ ഉത്പാദനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ഉത്പാദനത്തില്‍ 60ശതമാനവും കയറ്റുമതി ചെയ്യാനാണ് പദ്ധതി. കയറ്റുമതിയിലൂടെ പ്രതീക്ഷിക്കുന്ന മൊത്തംമൂല്യം 6.50 ലക്ഷം കോടി രൂപയാണ്.