ടാറ്റയുടെ സിങ്കൂര്‍ പ്ലാന്റിന് നഷ്ടപരിഹാരം ; മമത സര്‍ക്കാര്‍ 765.78 കോടി രൂപ നല്‍കണം

ഡല്‍ഹി: സി.പി.എമ്മിനെ അധികാരത്തില്‍ നിന്നിറക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സഹായകമായ സിങ്കൂര്‍ സമരം മമതയ്ക്കു തിരിച്ചടിയാകുന്നു. 1000 കോടി നിക്ഷേപിച്ചിട്ട്് നാനോ കാര്‍ പ്ലാന്റ് പദ്ധതി നടപ്പാക്കാന്‍ സാധിക്കാതെ വന്നതിനാല്‍ മമത സര്‍ക്കാര്‍ 765.78 കോടി രൂപ ടാറ്റാ ഗ്രൂപ്പിന് നല്‍കണമെന്നാണ് ആര്‍ബിട്രല്‍ ട്രിബൂണല്‍ വിധി.
മൂന്നംഗ നഷ്ടപരിഹാര സമിതിയാണ് തുക നല്‍കാന്‍ വിധിച്ചത്. 765.78 കോടി രൂപയ്ക്ക് 2016 സെപ്റ്റംബര്‍ ഒന്നു മുതലുള്ള തീയതി കണക്കാക്കി 11 ശതമാനം പലിശയടക്കമാണ് അനുവദിക്കാന്‍ ഉത്തരവായത്.
2008ല്‍ ബംഗാളില്‍ സി.പി.എം ഭരണത്തിരിലിരിക്കെ ടാറ്റ കമ്പനിക്ക് സിങ്കൂരില്‍ പ്ലാന്റ് അനുവദിക്കാന്‍ കര്‍ഷകരില്‍ നിന്നു ഭൂമി ഏറ്റെടുത്തു നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നു മമതാബാനര്‍ജിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു. തുടര്‍ന്നു സി.പി.എമ്മിന് ഭരണം നഷ്ടപ്പെടുകയും മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. ടാറ്റ കമ്പനി നാനോ കാര്‍ നിര്‍മാണ പ്ലാന്റ് സിങ്കൂരില്‍ നിന്നു ഗുജറാത്തിലെ സാനന്ദിലേക്കു പറിച്ചുനട്ടു.
2008ലായിരുന്നു സിങ്കൂരില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുത്തുതുടങ്ങിയത്. 1000 കോടി രൂപയായിരുന്നു ടാറ്റ നിക്ഷേപിച്ചത്. നാനോ പദ്ധതി വൈകിയതോടെ ലോഞ്ചിംഗ് അഞ്ചു മാസം വൈകുകയും ചെയ്തു.