രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് വ്യാപാര കമ്മി സെപ്റ്റംബറില്‍ 19.37 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 26.72 ബില്യണ്‍ ഡോളറായിരുന്നു.
അതേസമയം ഉയര്‍ന്ന എണ്ണവിലയും ആഭ്യന്തര ഡിമാന്‍ഡും മൂലം ഓഗസ്റ്റില്‍ വ്യാപാര കമ്മി 10 മാസത്തെ ഉയര്‍ന്ന നിരക്കായ 24.16 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു. സെപ്റ്റംബറിലെ രാജ്യത്തെ ചരക്ക് കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 2.6% കുറഞ്ഞ് 34.47 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 15% കുറഞ്ഞ് 53.84 ബില്യണ്‍ ഡോളറിലെത്തി.
ഓഗസ്റ്റിലെ കയറ്റുമതി 34.48 ബില്യണില്‍ നിന്ന് 38.45 ബില്യണ്‍ ഡോളറായും ഇറക്കുമതി കണക്കുകള്‍ 58.64 ബില്യണില്‍ നിന്ന് 60.1 ബില്യണ്‍ ഡോളറായും സര്‍ക്കാര്‍ പരിഷ്‌കരിച്ചു. കയറ്റുമതിയില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പറഞ്ഞു. ആഗോള വെല്ലുവിളികള്‍ക്കിടയിലും എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, മറൈന്‍, ഇലക്ട്രോണിക്സ്, സെറാമിക്, മരുന്ന് കയറ്റുമതി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 11 പ്രധാന ചരക്കുകളുടെ കയറ്റുമതി മെച്ചപ്പെട്ട വളര്‍ച്ച കൈവരിച്ചു.പെട്രോളിയം ഉല്‍പന്നങ്ങളുടെ കയറ്റുമതി 22 ശതമാനവും സമുദ്രോത്പന്നങ്ങളുടേത് 19 ശതമാനവും ഉയര്‍ന്നു. റബര്‍, തുകല്‍ പാദരക്ഷ ഘടകങ്ങള്‍, പ്രിന്റ്, വാര്‍ണിഷ്, രാസവസ്തുക്കള്‍ തുങ്ങിയവയുടെ കയറ്റുമതിയും മെച്ചപ്പെട്ടു.
സെപ്റ്റംബറിലെ സേവന കയറ്റുമതി 29.37 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതി 14.91 ബില്യണ്‍ ഡോളറും. ഓഗസ്റ്റില്‍ സേവന കയറ്റുമതി 26.39 ബില്യണ്‍ ഡോളറും ഇറക്കുമതി 13.86 ബില്യണ്‍ ഡോളറുമാണ്. നടപ്പ് സാമ്ബത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം കയറ്റുമതി 8.77% കുറഞ്ഞ് 211.4 ബില്യണ്‍ ഡോളറായി. ഈ കാലയളവിലെ മൊത്തം ഇറക്കുമതി 12.23% ഇടിഞ്ഞ് 326.98 ബില്യണ്‍ ഡോളറായി.
യു.എസ്, ചൈന, ബംഗ്ലാദേശ്, സിംഗപ്പൂര്‍ തുടങ്ങിയ പ്രധാന വിപണികളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് സമീപ മാസങ്ങളില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. അതേസമയം തുര്‍ക്കി, ഫിന്‍ലാന്‍ഡ്, ഫിലിപ്പൈന്‍സ് തുടങ്ങിയ പുതിയ വിപണികളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചുവരികയാണെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പറഞ്ഞു.