പ്രവാസികള്‍ക്കും വിദേശ കമ്പനികള്‍ക്കും ഖത്തറില്‍ ഇനി കൂടുതല്‍ പ്രദേശങ്ങളില്‍ വസ്തു വാങ്ങാം. ഇതിന് സ്വതന്ത്ര ഉടമസ്ഥാവകാശവുമുണ്ടായിരിക്കും. മുമ്പ് പേള്‍ ഖത്തറില്‍ മാത്രമായിരുന്നു വിദേശ കമ്പനികള്‍ക്കു വസ്തുവാങ്ങാന്‍ അനുമതി. ഇനി ഒമ്പത് പ്രദേശങ്ങളില്‍ വസ്തുവകകള്‍ സ്വന്തമാക്കാം. പ്രവാസികള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ള റിയല്‍ എസ്റ്റേറ്റ് മേഖലകളുടെ എണ്ണം 16 ആക്കിയും ഉയര്‍ത്തി.
99 വര്‍ഷത്തേക്ക് ഈ പ്രദേശങ്ങള്‍ ഉപയോഗിക്കാം. പാര്‍പ്പിട സമുച്ചയങ്ങളിലും മാളുകളിലും പാര്‍പ്പിട, വാണിജ്യ യൂണിറ്റുകള്‍ സ്വന്തമാക്കാനും പ്രവാസികള്‍ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.
ഖത്തറില്‍ കുറഞ്ഞത് 7,30,000 റിയാല്‍ (ഏകദേശം 1,45,27,000 രൂപ) മൂല്യമുള്ള വസ്തുവകകള്‍ സ്വന്തമായുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും റസിഡന്‍സി പെര്‍മിറ്റും ലഭിക്കും. 36,50,000 റിയാലില്‍ കുറയാത്ത മൂല്യത്തിലുള്ള ആസ്തികളുടെ (10 ലക്ഷം ഡോളറിന് തത്തുല്യമായ) ഉടമകളായ പ്രവാസികള്‍ക്ക് സ്ഥിര താമസാനുമതി രേഖ നല്‍കും. ആരോഗ്യം, വിദ്യാഭ്യാസം, ഏതാനും വാണിജ്യ പ്രവര്‍ത്തനങ്ങളിലെ നിക്ഷേപം എന്നിവയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് സ്ഥിര താമസാനുമതി രേഖയുള്ളവര്‍ക്ക് ലഭിക്കുന്നത് കൂടുതല്‍ മേഖലയില്‍ പ്രവാസികള്‍ക്ക് സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിച്ചതു രാജ്യത്തന്റെ സാമ്പത്തിക മേഖലയ്ക്കു ശക്തി പകരും.
വെസ്റ്റ് ബെ (ലഗ്താഫിയ), പേള്‍ ഖത്തര്‍, അല്‍ഖോര്‍ റിസോര്‍ട്ട്, ദഫ്‌ന (അഡ്മിന്‍ ഡിസ്ട്രിക്ട് നമ്പര്‍60), ദഫ്‌ന (അഡ്മിന്‍ ഡിസ്ട്രിക്ട് നമ്പര്‍ 61), ഒനൈസ (അഡ്മിന്‍ ഡിസ്ട്രിക്ട്), ലുസെയ്ല്‍, അല്‍ ഖരാജി, ജബാല്‍ തുലെയ്ബ് എന്നിവയാണ് വസ്തു വാങ്ങാവുന്ന പ്രദേശങ്ങള്‍.