ബ്രിട്ടീഷ് കൊട്ടാരത്തില്‍ വീട്ടുജോലി; ശമ്പളം 18.5 ലക്ഷം രൂപ

ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് കുറച്ച് വീട്ടുജോലിക്കാരെ വേണം. 18.5ലക്ഷമാണ് തുടക്കശമ്പളം. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വിവരം രാജകുടുംബത്തിന്റെ ദ റോയല്‍ ഹൗസ്‌ഹോള്‍ഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ജോലിക്ക് പ്രത്യേക പരിശീലനം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കൊട്ടാരത്തില്‍ താമസിച്ച് ജോലികള്‍ ചെയ്യണം. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്താല്‍ മതി. ഭക്ഷണവും താമസവും യാത്രചെലവുകളും സൗജന്യം. 33 ദിവസത്തെ വാര്‍ഷിക അവധിയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും.
കണക്കിലും ഇംഗ്ലീഷിലും വൈദഗ്ധ്യമുള്ളയാളായിരിക്കണം ജോലിക്കാരന്‍. വിന്‍സര്‍ കാസിലിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതെങ്കിലും ആവശ്യമെങ്കില്‍ ബക്കിങ്ങാം പാലസിലും ലണ്ടനിലെ മറ്റ് റോയല്‍ സ്യൂട്ടുകളിലും ജോലി ചെയ്യേണ്ടിവരും. 13 മാസത്തെ പരിശീലനകാലയളവിലേക്കാണ് ആളുകളെ തിരഞ്ഞെടുക്കുക. 13 മാസം കഴിഞ്ഞാല്‍ ജോലിക്കാരെ കൊട്ടാരം സ്ഥിരപ്പെടുത്തും. നവംബര്‍ 2 വരെയാണ് അപേക്ഷിക്കാനുള്ള സമയം.