സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയക്ക് ആഗോള അംഗീകാരം. ലഭേതര എയര്‍ലൈന്‍ റേറ്റിങ് ഗ്രൂപ്പായ എയര്‍ ലൈന്‍ പാസഞ്ചര്‍ എക്സ്പീരിയന്‍സ് അസോസിയേഷന്റെ (അപെക്സ്) പഞ്ചനക്ഷത്ര പദവിയിലെത്തുന്ന ആഗോള വിമാനങ്ങളില്‍ സൗദിയയും തിരഞ്ഞെടുക്കപ്പെട്ടു.
ആഗോള തലത്തില്‍ 600 വിമാനങ്ങളില്‍ യാത്ര ചെയ്ത ഒരു ദശലക്ഷത്തിലധികം യാത്രക്കാരില്‍ നിന്ന് നേരിട്ട് ശേഖരിച്ച റേറ്റിങ് അടിസ്ഥാനാമാക്കിയാണ് തിരഞ്ഞെടുപ്പ്. അപെക്സ് നടത്തിയ ഫ്യൂച്ചര്‍ ട്രാവല്‍ വെര്‍ച്വല്‍ എക്സ്പോയില്‍ സൗദിയക്ക് അവാര്‍ഡ് സമ്മാനിച്ചു.വ്യോമയാന മേഖലയെ പിടിച്ചുകുലുക്കിയ മഹാമാരിയുടെ കാലത്ത് ആഗോള റാങ്കിങില്‍ ഉള്‍പ്പെട്ടത് വലിയ നേട്ടമാണ്.
ഓഫറുകള്‍, ഇന്‍ ഫ്ളൈറ്റ് എന്റര്‍ടൈന്‍മെന്റ്, വൈഫൈ കണക്ടിവിറ്റി, മറ്റു യാത്ര സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിനോദ ഡിജിറ്റല്‍ സേവനങ്ങളും സീറ്റുകള്‍ ഉള്‍പ്പടെയുള്ളവയുടെ മാറ്റവും രാജ്യാന്തര നിലവാരത്തിലേക്ക് നവീകരിച്ചിരുന്നു. 1945 ല്‍ ആരംഭിച്ച സൗദിയ, മധ്യ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളില്‍ ഒന്നാണ്. രാജ്യത്തെ 28 അഭ്യന്തര വിമാനത്താവളങ്ങളില്‍ നിന്ന് 95 ലധികം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പ്രതിദിനം 700 സര്‍വീസുകളാണ് സൗദിയ നടത്തുന്നത്. 6000 ലധികം ജീവനക്കാരും 11 അനുബന്ധ സ്ഥാപനങ്ങളും ഉണ്ട്.