ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ 2024 ല്‍ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവറുടെ സഹായം കൂടാതെ സ്വയം ഡ്രൈവ് ചെയ്യുന്ന സാങ്കേതിക വിദ്യയുളള കാറുമായി ഓട്ടോ മൊബൈല്‍ രംഗത്തേക്ക് കടന്ന് വരാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. ഈ കാറിനായി സ്വന്തമായി ഒരു ബാറ്ററി സാങ്കേതിക വിദ്യ കൂടി വികസിപ്പിച്ചെടുക്കാനാണ് ആപ്പിളിന്റെ ശ്രമം. 2014ലാണ് സ്വന്തമായി ഡ്രൈവറില്ലാ കാര്‍ നിര്‍മ്മിക്കാനുളള ആലോചനകള്‍ ആപ്പിള്‍ ആരംഭിച്ചത്. പ്രൊജക്ട് ടൈറ്റാന്‍ എന്നാണ് ആപ്പിള്‍ ഈ സ്വപ്ന പദ്ധതിക്ക് അന്ന് നല്കിയ പേര്. എന്നാല്‍ 2016 ആയപ്പോഴേക്കും ആപ്പിള്‍ ഈ പദ്ധതി മുന്നോട്ട് പോയിരുന്നില്ല. ഇപ്പോള്‍ പദ്ധതി വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.
ഇലോണ്‍ മസ്കിന്റെ ടെസ്ലയില് ജോലി ചെയ്തിരുന്ന ആപ്പിളിന്റെ പഴയ ഉദ്യോഗസ്ഥനായ ഡഗ് ഫീല്‍ഡ് രണ്ട് വര്‍ഷം മുന്‍പ് കമ്പനിയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഇതോടെയാണ് ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ പദ്ധതിക്ക് വീണ്ടും ജീവന് വെച്ചത്.
