ലോകത്തെ അതിസമ്പന്നരായ 10 പേരില്‍ മുകേഷ് അംബാനിയും. ബ്ലൂം ബര്‍ഗ് പുറത്തുവിട്ട ലിസ്റ്റിലാണ് മുകേഷ് അംബാനിയുടെ പേരുള്ളത്. ലോകത്തിലെ ഏറ്റവും സമ്ബന്നരായ 500 ആളുകളുടെ പ്രതിദിന റാങ്കിംഗ് പട്ടികയാണ് ബ്ലൂംബര്‍ഗിന്റേത്. എലോണ്‍ മസ്ക്, ജെഫ് ബെസോസ് ,ബില്‍ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് ,വാരന്‍ ബഫറ്റ് തുടങ്ങിയ ലോകത്തിലെ അതിസമ്ബന്നരായ 10 പേര്‍ക്കൊപ്പമാണ് മുകേഷ് അംബാനി ഇടം പിടിച്ചത്.പതിനായിരം കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ളവരാണ് ഇവരെല്ലാം.
ബ്ലൂംബെര്‍ഗ് ബില്യണയറിന്റെ ഇന്‍ഡക്സ് അനുസരിച്ച് 106 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ് അംബാനി അതിസമ്ബന്നരുടെ പട്ടികയിലേക്ക് എത്തിയത്.2021 ല്‍ അദ്ദേഹത്തിന്റെ സമ്ബത്ത് 23.6 ബില്യണ്‍ ഡോളര്‍ ആണ് വര്‍ദ്ധിച്ചത്.റിലയന്‍സ് ഇന്ഡ്രസ്ട്രിയുടെ ഓഹരികള്‍ക്ക് വന്‍ മുന്നേറ്റമുണ്ടായതോടെയാണ് അംബാനിയുടെ ആസ്തിയും കുതിച്ചത്.
കഴിഞ്ഞ ദിവസം ബ്ലൂബര്‍ഗ് പുറത്തു വിട്ട പട്ടികയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് 3ാം സ്ഥാനത്തുനിന്നും പിന്തള്ളപ്പെട്ട് 5ാം സ്ഥാനത്തേക്ക് എത്തിയിരുന്നു. അടുത്തിടെ ഫേസ്ബുക്കിന്റെ സേവനം മണിക്കൂറുകളോളം നിലച്ചിരുന്നു. ഇത് ഓഹരി വിപണിയില്‍ നഷ്ടമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സക്കര്‍ബര്‍ഗിന് 3ാം സ്ഥാനം നഷ്ടപ്പെട്ടത്. ബ്ലൂബര്‍ഗിന്റെ കണക്കനുസരിച്ച് അമേരിക്കക്കാരനായ എലോണ്‍ മസ്ക് ആണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്. 210 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.