ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കുംരജിസ്ട്രേഷന്‍ ആരംഭിച്ചു


തിരുവനന്തപുരം:  സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ‘കാരവന്‍ കേരള’യുടെ ഭാഗമായ ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കുമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പദ്ധതിയിലേക്ക് നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്കും സംരംഭകര്‍ക്കും വ്യക്തികള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പങ്കാളിത്ത സൗഹൃദ പദ്ധതിയായ കാരവന്‍ കേരളയില്‍ ടൂറിസ്റ്റ് കാരവനുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ നല്‍കുന്ന നിക്ഷേപ ധനസഹായത്തിനും  https://www.keralatourism.org/keravan-kerala/register/tourist-caravan     എന്ന  വെബ്പേജില്‍ രജിസ്റ്റര്‍ ചെയ്യുക. കാരവന്‍ പാര്‍ക്കുകളില്‍ നിക്ഷേപം നടത്തുവാന്‍ താല്‍പര്യമുള്ളവര്‍  https://www.keralatourism.org/keravan-kerala/register-park/caravan-park  എന്ന വെബ്പേജില്‍ രജിസ്റ്റര്‍ ചെയ്യുക.

വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ അതുല്യമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന സമഗ്ര കാരവന്‍ ടൂറിസം നയം മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസ് സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു.

പദ്ധതിയനുസരിച്ച് ആദ്യ 100 കാരവനുകള്‍ക്ക്  ഏഴരലക്ഷം രൂപ വീതമോ / ആകെ ചെലവിന്‍റെ 15 ശതമാനമോ, അതില്‍ ഏതാണോ കുറവ് ആ തുക ധനസഹായമായി ലഭിക്കും.  അടുത്ത നൂറ് വാഹനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതമോ /ചെലവിന്‍റെ പത്തുശതമാനമോ ലഭിക്കും.  201 മുതല്‍ 300 വരെയുള്ള കാരവനുകള്‍ക്ക്  രണ്ടര ലക്ഷം രൂപ വീതമോ/ ചെലവിന്‍റെ അഞ്ചുശതമാനമോ ലഭിക്കും. ഒരു വ്യക്തിക്ക് / സ്ഥാപനത്തിന് /ഗ്രൂപ്പിന്  പരമാവധി അഞ്ച്  കാരവനുകള്‍ വാങ്ങുന്നതിന് ധനസഹായം ലഭിക്കും.  മൂന്നുവര്‍ഷത്തേക്കു മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ.

കാരവന്‍ കേരളയുമായി കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ ഭാരത്ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ ഒക്ടോബറില്‍ പുറത്തിറക്കിയിരുന്നു. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഇസൂസു, ടാറ്റ മോട്ടോര്‍സ്, ഫോഴ്സ് മോട്ടോര്‍സ് എന്നിവ സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവനുകള്‍ പദ്ധതിക്കായി നിര്‍മ്മിക്കുന്നുണ്ട്.

ആതിഥേയ മേഖലയിലെ പ്രമുഖ ഗ്രൂപ്പായ സിജിഎച്ച് എര്‍ത്ത് സംസ്ഥാനത്ത് പത്ത് കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി രൂപരേഖ ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെ മറയൂരില്‍ തേയിലത്തോട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലത്താണ് ആദ്യ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുക.

ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ അഞ്ചു കാരവനുകള്‍ വരെ വാങ്ങുന്നതിനുള്ള നിക്ഷേപ ധനസഹായം മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്നതും നാലുപേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാവുന്നതുമായ രണ്ടുതരത്തിലുള്ള കാരവനുകളാണ് സജ്ജമാക്കുന്നത്. സോഫ-കം- ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്‍റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളില്‍ ക്രമീകരിക്കും. അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന്  കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കനുസൃതമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ കാരവനുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊതു, സ്വകാര്യ മേഖലയിലോ സംയുക്തമായോ കാരവന്‍ പാര്‍ക്കുകള്‍ വികസിപ്പിക്കാവുന്നതാണ്. പരിസ്ഥിതി സൗഹൃദമായ  കാരവന്‍ പാര്‍ക്കുകള്‍  സൗകര്യങ്ങളുള്ള വീടുകളോട് ചേര്‍ന്നും തോട്ടങ്ങളിലും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ കീഴിലും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വിനോദസഞ്ചാരികളുടെ സുരക്ഷിതത്ത്വത്തിന് ഊന്നല്‍ നല്‍കി സ്ഥാപിക്കാം. അഞ്ച് കാരവനുകള്‍ ഒരേ സമയം പാര്‍ക്കു ചെയ്യാവുന്ന രീതിയില്‍ കുറഞ്ഞത് അന്‍പത് സെന്‍റ് ഭൂമി എങ്കിലും ഒരു പാര്‍ക്കിന് വേണം. ആക്റ്റിവിറ്റി ഏരിയ, താമസ സ്ഥലം, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമമുറികള്‍, ഭക്ഷണശാല തുടങ്ങി അതിഥികള്‍ക്ക് സുഖപ്രദമായ താമസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഉണ്ടായിരിക്കണം.

പദ്ധതിയുടെ വിശദവിവരങ്ങള്‍ www.keralatourism.org/keravan-kerala എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.