കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ജെന്‍റോബോട്ടിക്സിന് 20 കോടിയുടെ നിക്ഷേപം


തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജെന്‍റോബോട്ടിക്സ് 20 കോടിരൂപയുടെ നിക്ഷേപം നേടി. ചെന്നൈ ആസ്ഥാനമായ ആഗോള ടെക്നോളജി സ്ഥാപനം സോഹോ കോര്‍പ്പറേഷനാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് റോബോട്ട് വികസിപ്പിച്ച് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മാതൃകയായ ജെന്‍റോബോട്ടിക്സില്‍ നിക്ഷേപിച്ചത്.
മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്ന നിലവിലുള്ള ഹാനികരമായ രീതി ഇന്ത്യയില്‍ നിന്നു അവസാനിപ്പിക്കുന്നതിനും വാതക-എണ്ണ-ശുചീകരണ മേഖലകളിലെ തൊഴിലാളികള്‍ക്ക് സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിനും തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്‍റോബോട്ടിക്സിന് ഈ നിക്ഷേപം സഹായകമാകും.
മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് ലോകത്താദ്യമായി വികസിപ്പിച്ച ബാന്‍ഡിക്കൂട്ട് കിണര്‍, ഇടുങ്ങിയ വാതക പൈപ്പ് ലൈനുകള്‍, അഴുക്കുചാലുകള്‍ എന്നിവ വൃത്തിയാക്കുന്നതിനും എണ്ണ ശുദ്ധീകരണശാലകളിലും ഉപയോഗപ്രദമാണ്. 
രാജ്യത്തെ തഴച്ചുവളരുന്ന ഡീപ് ടെക് അന്തരീക്ഷത്തില്‍ കൂടുതല്‍ സാധ്യതകള്‍ തേടാന്‍ ഈ നിക്ഷേപം ജെന്‍റോബോട്ടിക്സിന് പ്രയോജനപ്പെടുമെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. 
ശുചീകരണത്തിനുള്ള  സുരക്ഷിത മാര്‍ഗമായ ബാന്‍ഡിക്കൂട്ട് മാന്‍ഹോളുകളില്‍ മനുഷ്യന്‍ ഇറങ്ങി വൃത്തിയാക്കുന്ന അപകടകരമായ സ്ഥിതിയുടെ മാറ്റത്തിന് നാന്ദികുറിച്ചതായി ജെന്‍റോബോട്ടിക്സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എംകെ പറഞ്ഞു. ഗവേഷണ-വികസന അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും ഉല്‍പ്പാദന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും വൈദഗ്ധ്യം നേടുന്നതിനും നിക്ഷേപം സഹായകമാകും. ആസിയാന്‍ വിപണിയിലേക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ആഗോളതല വിപുലീകരണത്തിലേക്ക് കടക്കുന്നതിനും ഇത് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ പുരസ്കാരം നേടിയ 2017 ല്‍ ആരംഭിച്ച ജെന്‍റോബോട്ടിക്സ് അരയ്ക്കുകീഴെ തളര്‍ന്നവരുടെ വേഗത്തിലുള്ള പുനരധിവാസത്തിന് റോബോട്ടിന്‍റെ സഹായത്തോടെയുള്ള  ജി ഗെയ്റ്റര്‍ വികസിപ്പിച്ചിട്ടുണ്ട്.