റിയാദില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ വളര്‍ച്ച; ഓഫിസ് കെട്ടിടങ്ങള്‍ കിട്ടാനില്ല


റിയാദ്: റിയാദില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ ഉണര്‍വ്. കോവിഡിനെത്തുടര്‍ന്ന് മാന്ദ്യത്തിലായിരുന്ന മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് സമയത്തെ അപേക്ഷിച്ച് 20 ശതമാനം മുതല്‍ നാല്പതു ശതമാനം വരെയാണ് കൊമേഴ്‌സ്യല്‍, റസിഡന്‍ഷ്യല്‍ മേഖലയിലെ വളര്‍ച്ച. വാടകയിലും 20 ശതമാനത്തില്‍ അധികം വളര്‍ച്ച രേഖപ്പെടുത്തി.
ടൂറിസം മേഖലയിലെ ഉണര്‍വ് ഹോട്ടലുകളിലും ബിസിനസ് വര്‍ധിപ്പിച്ചു. വിദേശിസംരംഭകരുടെ നിക്ഷേപം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഓഫിസ് കെട്ടിടങ്ങളില്‍ 96 ശതമാനം പ്രവര്‍ത്തനസജ്ജമായി. 96 ശതമാനം ഓഫിസ് കെട്ടിടങ്ങളും പ്രവര്‍ത്തനസജ്ജമായെന്ന് നൈറ്റ് ഫ്രാങ്ക് എന്ന റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയുടെ സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്.
വിദേശികള്‍ സൗദിയില്‍ നേടിയ ബിസിനസ് ലൈസന്‍സുകളുടെ എണ്ണത്തില്‍ 2021ല്‍ 358 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് നൈറ്റ് ഫ്രാങ്ക് മിഡില്‍ ഈസ്റ്റ് തലവന്‍ ഫൈസല്‍ ദുരാനി പറഞ്ഞു. ഇതില്‍ ഏറ്റവും കൂടുതല്‍ ലൈസന്‍സ് നല്‍കിയത് റിയാദിലാണ്. ഇക്കാരണം കൊണ്ടാണ് കഴിഞ്ഞ 12 മാസത്തിനിടെ റിയാദില്‍ ഓഫിസ് കെട്ടിടങ്ങളുടെ വാടക 6.5 ശതമാനം വര്‍ധിച്ചത്. അതേസമയം ജിദ്ദയില്‍ കെട്ടിട വാടക വര്‍ധിച്ചിട്ടില്ല.
അതേസമയം റസിഡന്‍ഷ്യല്‍ മേഖലയിലും റിയല്‍ എസ്റ്റേറ്റ് മേഖയില്‍ വന്‍ വളര്‍ച്ചയാണ്. കോവിഡ് കാലത്ത് 9000 റിയാലിന് ലഭിച്ചു കൊണ്ടിരുന്ന ഫാമിലി ഫ്‌ലാറ്റുകള്‍ ഇപ്പോള്‍ 12000 റിയാലിന് മുകളില്‍ നല്‍കണം. മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസിറ്റിങ് വിസ അനുവദിച്ചതോടെ വിദേശികള്‍ കൂട്ടത്തോടെ കുടുംബത്തെ കൊണ്ടുവരാന്‍ തുടങ്ങിയതാണ് വാടക വര്‍ധിക്കാന്‍ കാരണം. കൂടുതല്‍ കമ്പനികള്‍ റിയാദിലേക്ക് വന്നതും പാര്‍പ്പിട മേഖലയിലെ വാടക വര്‍ധിക്കാന്‍ ഇടയാക്കി.