അമേരിക്ക പലിശനിരക്ക് വര്‍ധിപ്പിച്ചത് ഇന്ത്യന്‍ വിപണിയെ ബാധിക്കും

ന്യൂഡല്‍ഹി: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 0.75 ശതമാനം പലിശ ഉയര്‍ത്തിയത് ഇന്ത്യയിലെ സാമ്പത്തില മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചേക്കും. 28 വര്‍ഷത്തിനിടെ ഇതാദ്യമായാണ് 0.75 ശതമാനം വര്‍ധന ഫെഡറല്‍ റിസര്‍വ് നടത്തുന്നത്. വിലക്കയറ്റം നേരിടാന്‍ യുഎസ് പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക് പക്ഷേ ഇന്ത്യയേയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യ പോലുള്ള വികസ്വര വിപണികളുടെ ആകര്‍ഷണീയത വിദേശ നിക്ഷേപകരുടെ ഇടയില്‍ വീണ്ടും ഇടിയാന്‍ ഇത് കാരണമാകും. വിദേശ നിക്ഷേപകര്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഓഹരി വിപണികളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതു തുടരുകയും ചെയ്യും. നിക്ഷേപം തിരികെ എത്തുന്നതിന് അനുസരിച്ച് ഡോളര്‍ വീണ്ടും കരുത്താര്‍ജിക്കും. ഇത് ഇന്ത്യന്‍ രൂപയെ കൂടുതല്‍ തളര്‍ത്തും. രൂപയുടെ തളര്‍ച്ച ഇന്ത്യയുടെ ഇറക്കുമതി ചെലവു വലിയതോതില്‍ കൂട്ടും. നിലവില്‍ 120 ഡോളറിനു മുകളിലാണ് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില. ആവശ്യമായ എണ്ണയുടെ 85 ശതമാനത്തോളവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ അതിന്റെ പ്രതിഫലനം ലോകരാജ്യങ്ങളിലെല്ലാമുണ്ടാകും. ഓരോ രാജ്യത്തിന്റെയും സമ്പത് വ്യവസ്ഥയെ ഫെഡറല്‍ റിസര്‍വിന്റെ അടിസ്ഥാന നിരക്ക് ബാധിക്കും. ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ മാസം 50 ബേസിസ് പോയിന്റ് കൂട്ടിയിരുന്നു. ഇത് ഇന്ത്യ അടക്കമുള്ള സമ്പത്ത് വ്യവസ്ഥകളെ സമാനതയില്ലാത്ത തരത്തില്‍ ബാധിക്കും. വിദേശ നിക്ഷേപകരുടെ പിന്‍വലിക്കല്‍ ഡോളറിലായതിനാല്‍ ഡോളര്‍ ഡിമാന്‍ഡ് ഉയരും.
റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂലം ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുമ്പോഴാണ് രൂപ ഡോളറിനെതിരെ തളരുന്നത്. ഇന്ധനത്തിന്റെ ഇറക്കുമതിച്ചെലവേറുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടും. ഇത് രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്കിനെയും പിന്നോട്ടടിക്കും. ഇന്ധന നികുതി ഇനിയും കൂട്ടാന്‍ ഒരുപക്ഷേ, സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും.