സംസ്ഥാനത്തെ 14 യുവസംരംഭകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ 85 ലക്ഷം രൂപ ഗ്രാന്റ്‌


തിരുവനന്തപുരം: കേന്ദ്ര സയന്‍സ് ആന്‍റ് ടെക്നോളജി വകുപ്പിന്‍റെ നിധി-പ്രയാസ് ഗ്രാന്‍റിനായി കേരളത്തില്‍ നിന്നുള്ള 7 സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള 14 നൂതന ആശയങ്ങളെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആകെ 85 ലക്ഷം രൂപയാണ് ഗ്രാന്‍റായി അനുവദിച്ചിട്ടുള്ളത്. ഹാര്‍ഡ് വെയര്‍ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കും ആശയങ്ങള്‍ക്കുമായാണ് നിധി-പ്രയാസ് ഗ്രാന്‍റ് നല്കുന്നത്.

നിധി-പ്രയാസ് പദ്ധതി നടപ്പിലാക്കാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കേന്ദ്രങ്ങളിലൊന്ന് കെഎസ് യുഎം ആണ്. കെഎസ് യുഎമ്മിന്‍റെ നേതൃത്വത്തിലുള്ള മൂല്യനിര്‍ണയ പാനലുകള്‍ക്കു മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിച്ചവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 7  ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും 7 പുതിയ ആശയങ്ങള്‍ക്കുമാണ് ഗ്രാന്‍റ് ലഭിക്കുക.  

സിലിസിയം സര്‍ക്യൂട്ട്  (റോജിന്‍ ജോണ്‍),  ക്വായ്ഡ്സ് എല്‍ എല്‍ പി (മുഹമ്മദ് റിഷന്‍ എന്‍ കെ), ഫിറ്റിറ്റൗട്ട് സൊല്യൂഷന്‍ (നവീന്‍ കുമാര്‍ എം), അല്‍ഗോ പവര്‍ (രതീഷ്), എഐ-ഫൈബ്നെക്സ്റ്റ് ഇന്നൊവേഷന്‍സ് (അഭിലാഷ് സത്യന്‍), ടെകാര്‍ഡ് ലാബ്സ് (സംഗീത് സുരേന്ദ്രന്‍), സീമോട്ടോ ഇലക്ട്രിക് എഞ്ചിന്‍ (സോണി വര്‍ഗീസ്) എന്നിവയാണ് ഗ്രാന്‍റ് ലഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍. ഹരികൃഷ്ണ ടി, ശ്യാം ജോസഫ്, നിതിന്‍, സംഗീത് സതീശന്‍, ജോജി ജോസ്, ഷഹാന ടി എച്ച്, ഫിലിപ്പ് മാത്യു എന്നിവര്‍ക്കാണ് നവീന ആശയങ്ങള്‍ക്കുള്ള ഗ്രാന്‍റ് ലഭിച്ചത്.

ഹാര്‍ഡ് വെയര്‍-ഇലക്ട്രോണിക്സ് മേഖലയിലെ യുവസംരംഭകര്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.