തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ സര്‍വീസ് നടത്തുന്ന കാരവനുകളുടെ ത്രൈമാസ നികുതി നിരക്ക് മോട്ടോര്‍ വാഹന വകുപ്പ് 50 ശതമാനം കുറച്ചു. ഇതോടെ ടൂറിസ്റ്റ് കാരവനുകളുടെ നികുതി 1000 രൂപയില്‍ നിന്ന് 500 രൂപയായി കുറയും. ഇതിന് 2022 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടായിരിക്കും.
കാരവനുകള്‍ക്ക് ടൂറിസം വകുപ്പുമായുള്ള കരാറിന്‍റെ വിവരങ്ങള്‍ ടൂറിസം ഡയറക്ടര്‍ നല്‍കണമെന്ന് ഗതാഗത വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. കാരവനുകള്‍ക്ക് കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റും ഗതാഗത വാഹന വിഭാഗ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. കരാര്‍ അവസാനിപ്പിക്കുന്ന കാരവനുകളുടെ വിശദാംശങ്ങള്‍ ടൂറിസം ഡയറക്ടര്‍ ഗതാഗത വകുപ്പിന് നല്‍കണം. കരാര്‍ തീരുന്ന കാലയളവ് തൊട്ട് ഇവ സാധാരണ നിരക്കില്‍ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥമാണ്.
കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആകര്‍ഷകമായ ആനൂകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തതിലൂടെ കേരളത്തിന്‍റെ കാരവന്‍ ടൂറിസം നയത്തിന് തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടാനായെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 50 ശതമാനം നികുതി കുറച്ചത് ഈ സംരംഭത്തിന് കൂടുതല്‍ പ്രോത്സാഹനമേകാനും കോവിഡിനു ശേഷമുള്ള വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിന്‍റെ വേഗത വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ കാരവനുകള്‍ എത്തുന്നതിന് ഈ നിരക്ക് ഇളവ് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
2022-23 ലെ ബജറ്റ് പ്രഖ്യാപനത്തിലാണ് കാരവനുകളുടെ ത്രൈമാസ നികുതി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ടൂറിസം മന്ത്രി കാരവന്‍ നയം പ്രഖ്യാപിച്ചതിനു പിന്നാലെ ഗതാഗത മന്ത്രി ആന്‍റണി രാജു ഇതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.