ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം മലപ്പുറത്തിന്; കോര്പ്പറേഷന് സാധ്യത വര്‍ധിക്കുന്നു
അന്‍ഷാദ് കൂട്ടുകുന്നം
മലപ്പുറം: ലോകത്ത് അതിവേഗം വളരുന്ന പത്തു നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം മലപ്പുറത്തിനു ലഭിച്ചതോടെ സംസ്ഥാനത്തെ ഏഴാമത്തെ കോര്പ്പറേഷന് സാധ്യത മലപ്പുറത്തിന്. നഗരത്തിനോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തുകളായ കോഡൂരും ആനക്കയവും മൊറയൂരും കൂട്ടിലങ്ങാടിയും മക്കരപ്പറമ്പും ഒതുക്കുങ്ങലും പൊന്മളയും പൂക്കോട്ടൂരും ചേര്‍ന്നു കോര്പ്പറേഷനാക്കിയാല് മൂന്നര ലക്ഷത്തിലധികം ജനസംഖ്യയുണ്ടാകും. അവസാനം രൂപീകരിച്ച കണ്ണൂരിനേക്കാള്‍ ജനസംഖ്യ മലപ്പുറത്തിനുണ്ടാകുമെന്നു സാരം.
അതേസമയം മലപ്പുറത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആരംഭിച്ച സ്ഥാപനങ്ങളുടെ എണ്ണം നൂറു ശതമാനം ഇരട്ടിച്ചു. ബ്രാന്‍ഡഡ് ഉല്പന്നങ്ങളുടെ എക്സ്ക്ലൂസീവ് ഷോറൂം ആരംഭിക്കുന്നതിനായി മലപ്പുറത്തേക്ക് എത്തുന്നതും വര്‍ധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ദി ഇക്കണോമിസ്റ്റ് നടത്തിയ പഠനത്തിലാണ് മലപ്പുറം മുന്നിലെത്തിയത്. 2015 മുതല്‍ 2020 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ 44.1 ശതമാനമാണ് മലപ്പുറം നഗരം നേടിയ വളര്‍ച്ച നേടിയത്.
ആദ്യ പത്തു നഗരങ്ങളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ നഗരങ്ങളാണ് ഇടം പിടിച്ചത്. അവ മൂന്നും കേരളത്തില്‍ നിന്നാണ്. കോഴിക്കോട്, കൊല്ലം എന്നിവയാണ് മറ്റ് രണ്ട് നഗരങ്ങള്‍ .
ജനസംഖ്യ, വികസനം, നഗരവത്കരണം എന്നിവയുടെ അടിസ്ഥാനത്തിലാണു അതിവേഗ വളര്‍ച്ച കണ്ടെത്തിയത്. 2015 മുതല്‍ 20 വരെ മലപ്പുറത്തെ ജനസംഖ്യ വര്‍ധിച്ചത് 44 ശതമാനമാണ്. കോഴിക്കോട് 35 ശതമാനവും കൊല്ലത്ത് 31 ശതമാനവും ജനസംഖ്യ വര്‍ധിച്ചു.
മലപ്പുറത്ത് ജോലി ആവശ്യാര്‍ത്ഥം നഗരത്തില്‍ എത്തുന്നവര്‍ ഇവിടെത്തന്നെ സ്ഥിരതാമസമാക്കുന്നതാണ് ജനസംഖ്യ വര്‍ധിക്കാനുള്ള പ്രധാന കാരണം. ഗ്രാമങ്ങളില്‍ നിന്നു നഗരത്തിലേക്ക് ചേക്കേറുന്നവരും വര്‍ധിച്ചു. നഗരത്തില്‍ ജനസംഖ്യ വര്‍ധിച്ചതിനനുസരിച്ച് നഗരസഭയുടെ വരുമാനവും വര്‍ധിച്ചിരിക്കുകയാണ്.