മുംബൈ: അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുന്നതായി യു.എസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്.
റിപ്പോര്‍ട്ടിലുന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും തങ്ങള്‍ക്കെതിരായ ഏതു നിയമനടപടിയും സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ വ്യക്തമാക്കി.
‘2 വര്‍ഷമെടുത്തു തയാറാക്കിയ വിശദമായ രേഖകളുടെ പിന്‍ബലത്തിലാണ് റിപ്പോര്‍ട്ട്. നിയമനടപടി സ്വീകരിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ ഭീഷണിയെ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുന്നു. ഇക്കാര്യത്തില്‍ അദാനിഗ്രൂപ്പ് എന്ത് നിയമനടപടി സ്വീകരിച്ചിട്ടും കാര്യമില്ല’ ഹിന്‍ഡന്‍ബര്‍ ട്വീറ്റില്‍ അറിയിച്ചു. തങ്ങള്‍ നിയമ നടപടിക്കൊരുങ്ങുകയാണെന്ന അദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഹിന്‍ഡന്‍ബര്‍ഗ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഇന്ത്യയുടെയും അമേരിക്കയുടെയും നിയമത്തില്‍ ഊന്നി ഹിന്‍ഡന്‍ബര്‍ഗിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ആദാനി ഗ്രൂപ്പ് നിയമവിഭാഗം തലവന്‍ ജതിന് ജലൂന്ത് വാല പറഞ്ഞു.