ലുലു മാള്‍ മനമറിഞ്ഞു കണ്ട് കാഴ്ച്ച പരിമിതര്‍; പ്രത്യേക സൗകര്യമൊരുക്കി അധികൃതര്‍

തിരുവനന്തപുരം: ലുലു മാളില്‍ സ്ഥാപിച്ചിരിയ്ക്കുന്ന ഫ്‌ലോര്‍ മാപ്പില്‍ വിരലോടിച്ച് വഴുതയ്ക്കാട് സര്‍ക്കാര്‍ ബ്ലൈന്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥിയായ അമീന്‍ കൂട്ടുകാരോട് പറഞ്ഞു  ‘ലുലു മാള്‍ ഞാന്‍ കണ്ടു’. തൊട്ടുപിന്നാലെ അമീന്റെ കൂട്ടുകാരും സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളും ആകാംക്ഷയോടെ മാപ്പില്‍ വിരലോടിച്ച് ഇതേ അനുഭവം പങ്കുവെച്ചതോടെ കണ്ടുനിന്നവര്‍ ഒരു നിമിഷം ആശ്ചര്യപ്പെട്ടു. ഇതിന് ശേഷം വിദ്യാര്‍ഥികളെല്ലാവരും കാര്യമായ പരസഹായം ഇല്ലാതെ മാളില്‍ ഷോപ്പിംഗ് നടത്തുകയും, വിനോദ കേന്ദ്രമായ ഫണ്‍ടൂറയില്‍ റൈഡുകള്‍ ആസ്വദിയ്ക്കുകയും കൂടി ചെയ്തതോടെ  സംസ്ഥാന ചരിത്രത്തില്‍ തന്നെ പുതു മാതൃക കുറിയ്ക്കപ്പെട്ട ദിനമായി അത് മാറി.
കാഴ്ച പരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ലുലു മാളും ഈഥര്‍ ഇന്ത്യയും വഴുതയ്ക്കാട്  ബ്ലൈന്‍ഡ് സ്‌കൂളും സംയുക്തമായാണ് ‘താരേ സമീന്‍ പര്‍’ എന്ന പേരില്‍ പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ടത്. ഉന്നത വിദ്യാഭ്യാസസാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്കായി താല്‍ക്കാലികമായി ഒരുക്കിയ മാള്‍ വിവരങ്ങളുള്ള ബ്ലൈന്‍ഡ് ഫ്രണ്ട്‌ലി ആയ ടാക്ടയില്‍ മാപ്പ് പ്രകാശനം ചെയ്തു. പദ്ധതിയെ മന്ത്രി പ്രശംസിച്ചു.
ഫ്‌ലോര്‍ മാപ്പ് മനസ്സിലാക്കിയ ശേഷം കാര്യമായ പരസഹായമില്ലാതെ മാളില്‍ ഷോപ്പിംഗ് നടത്താന്‍ കുട്ടികള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ ഒത്തുചേര്‍ന്നു. ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ സ്ഥാപക ടിഫാനി ബ്രാര്‍ ഷോപ്പിംഗ് ഫ്‌ലാഗ് ഓഫ് ചെയ്തു. ചില കുട്ടികള്‍ ഇഷ്ടമുള്ള സാധനങ്ങള്‍ ഓരോന്നായി ചോദിച്ച് വാങ്ങിയപ്പോള്‍, മറ്റു ചിലര്‍ റാക്കുകളില്‍ സ്വയം തിരഞ്ഞ് ട്രോളിയില്‍ സാധനങ്ങള്‍ എടുത്ത് വെച്ചു. ബില്ലിംഗ് പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ എല്ലാവരുടെയും മുഖത്ത് കൂടുതല്‍ ആത്മവിശ്വാസം. വിനോദ കേന്ദ്രമായ ഫണ്‍ടൂറയിലും ബ്രെയില്‍ മാപ്പിംഗ് സഹായം ഏര്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുത്ത റൈഡുകളും ഗെയിമുകളും ആസ്വദിച്ച് കുട്ടികളുടെ മടക്കം. വിദ്യാര്‍ത്ഥികള്‍ക്കായി കലാപരിപാടികളും എട്രിയത്തില്‍ സംഘടിപ്പിച്ചിരുന്നു. പരിസ്ഥിതി സൗഹൃദം, സ്ത്രീ സൗഹൃദം തുടങ്ങി നിരവധി അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ലുലു മാള്‍ വൈകാതെ ഭിന്നശേഷി സൗഹൃദവുമായി മാറുന്നതിന്റെ തുടക്കം കൂടിയായി വിദ്യാര്‍ത്ഥികളുടെ ഈ സന്ദര്‍ശനം.