സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 ലക്ഷം രൂപ വരെ ധനസഹായം

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ടെക്നോളജി ലൈസന്‍സ് വാങ്ങാന്‍ ചെലവായ തുക സംസ്ഥാന സര്‍ക്കാര്‍ തിരികെ നല്കും.

ടെക്നോളജി ട്രാന്‍സ്ഫര്‍ ആന്‍റ് കൊമേഴ്സ്യലൈസേഷന്‍ സപ്പോര്‍ട്ട് സ്കീമിലൂടെ 10 ലക്ഷം രൂപ വരെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാകുക.

കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ മെയ് ഒന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇന്ത്യയിലെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളിലെ വാണിജ്യസാധ്യതയുള്ള ഗവേഷണ കണ്ടെത്തലുകള്‍ മികച്ച ഉല്പന്നങ്ങളായി മാറ്റാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവസരം.

സംസ്ഥാന സര്‍ക്കാറിന്‍റെ സംരംഭകത്വ വികസന നോഡല്‍ ഏജന്‍സിയായ കെഎസ് യുഎമ്മാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ടെക്നോളജി ലൈസന്‍സ് വാങ്ങാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചെലവായ തുകയുടെ 90 ശതമാനം വരെയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുക.  

രജിസ്ട്രേഷന് സന്ദര്‍ശിക്കുക: https://startupmission.kerala.gov.in/schemes/technology-commercialisation.