അന്‍ഷാദ് കൂട്ടുകുന്നം
തിരുവനന്തപുരം. കേരളത്തില്‍ പഴ വര്‍ഗ കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച വൈന്‍ നിര്‍മാണ പദ്ധതി പാളി. വൈന്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിട്ട് ലഭിച്ചത് ഒരെണ്ണം മാത്രം. കോട്ടയം ഡെപ്യൂട്ടി കമ്മിഷണര്‍ക്കാണു പാലയില്‍ നിന്നുള്ളയാള്‍ വൈന്‍ നിര്‍മാണത്തിന് അപേക്ഷ നല്‍കിയത്. കാസര്‍ഗോഡ് എക്സൈസ് ഓഫിസില്‍ രണ്ടു പേര് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. അതേസമയം കൊല്ലത്തും പാലക്കാടുമെല്ലാം വൈന്‍ നിര്‍മാണ ചട്ടം അന്വേഷിച്ച് ആളുകള്‍ വരുന്നുണ്ടെങ്കിലും അപേക്ഷ കൊടുത്തിട്ടില്ല.
അതേസമയം കോട്ടയത്ത് അപേക്ഷ നല്കിയ പാലാ സ്വദേശിക്കും സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡം പാലിച്ചാല്‍ മാത്രമേ ലൈസന്‍സ് നല്‍കൂ. പഴങ്ങളില്‍നിന്നും കാര്‍ഷികോല്‍പന്നങ്ങളില്‍നിന്നും വീര്യംകുറഞ്ഞ മദ്യം (ഹോര്‍ട്ടി വൈന്‍) ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്കു സംസ്ഥാനത്തു കഴിഞ്ഞ വര്‍ഷമാണു പ്രവര്‍ത്തനാനുമതി നല്‍കിയത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തി കേരള ചെറുകിട വൈനറി ചട്ടം 2022 പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. ധാന്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം.

ചക്ക (പച്ചയും പഴുത്തതും), വാഴപ്പഴം, കശുമാങ്ങ, പൈനാപ്പിള്‍, പാഷന് ഫ്രൂട്ട്, മാമ്പഴം, പപ്പായ, മാതളനാരങ്ങ, പേരയ്ക്ക, ചാമ്പക്ക, ജാതിക്കത്തൊണ്ട്, കപ്പ, കരിമ്പ്, ഉരുളക്കിഴങ്ങ്, മത്തങ്ങ, തക്കാളി എന്നിവയില്‍ നിന്നാണ് വൈനുണ്ടാക്കാന്‍ അനുമതി. 15 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങാമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
വൈനറി തുടങ്ങാന്‍ ആഗ്രഹിക്കുന്നയാള് ജില്ലയിലെ ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ക്ക് ആദ്യം അപേക്ഷ നല്‍കണം. കെട്ടിടം, വൈന്‍ നിര്‍മാണ രീതി, സംഭരണ ശേഷി, പഴങ്ങളുടെ ലഭ്യത, സാമ്പത്തിക സ്ഥിതി എന്നിവ അപേക്ഷയില്‍ വ്യക്തമാക്കണം. ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അധ്യക്ഷനായ സാങ്കേതിക സമിതി അപേക്ഷ പരിഗണിക്കും. കൃഷിവകുപ്പ് അസി.ഡയറക്ടര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മിഷണര്‍, പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അല്ലെങ്കില്‍ ഫാക്ടറീസ്, ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ എന്നിവരാണ് അപേക്ഷ പരിശോധിക്കുന്നത്. സമിതിയുടെ ശിപാര്‍ശയോടെ സംസ്ഥാന എക്സൈസ് കമ്മിഷണര്‍ക്ക് അപേക്ഷ കൈമാറണം. എക്സൈസ് കമ്മിഷണര്‍ ലൈസന്‍സ് നല്‍കും. ലൈസന്‍സ് ലഭിച്ച വര്‍ഷം മുതല്‍ മൂന്നാമത്തെ വര്‍ഷം മാര്‍ച്ച് 31 വരെയാണു ലൈസന്‍സ് കാലാവധി. ലൈസന്‍സ് ഫീസ് വര്‍ഷം 50,000 രൂപ. ബോട്ടിലിങ് ലൈസന്‍സിന് 5000 രൂപയും അടയ്ക്കണം. ലൈസന്‍സ് ലംഘനം കണ്ടെത്തിയാല്‍ 50,000 രൂപയാണു പിഴ.
ലൈസന്‍സ് റദ്ദാക്കാനുമാകും. കേരളത്തില്‍ ആകെ വില്‍ക്കുന്ന മദ്യത്തിന്റെ ഒരു ശതമാനം പോലും വൈന്‍ വില്‍ക്കുന്നില്ല. ആ നിലയ്ക്കാണ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ വൈന്‍ നിര്‍മാണത്തിന് കാര്‍ഷിക ഉല്‍പ്പങ്ങളുടെ വിപണത്തിന്റെ പേരില്‍ അനുമതി നല്‍കിയത്. പ്രവര്‍ത്തനമൂലധനം കൂടുതലും ലാഭം കുറവുമാണ് ഈ മേഖലയിലേക്ക് ആളെ അകറ്റാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. വന്‍കിട വൈന്‍ നിര്മാതാക്കള്ക്കുള്ള ചട്ടം നേരത്തേ തന്നെയുണ്ടെങ്കിലും നിലവില്‍ കേരളത്തില്‍ വൈനറികളൊന്നും ആരംഭിച്ചിട്ടില്ല.