സിവിവി നൽകാതെ ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി വിസ

സിവിവി നൽകാതെ ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ്‌വർക്ക് കമ്പനിയായ വിസ. ഉപഭോക്താക്കളുടെ  കാർഡ് ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ, കാർഡ് ഹോൾഡർക്ക്,  വെരിഫിക്കേഷനുവേണ്ടി  സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയും . ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സാധിക്കുന്നതരത്തിലാണ് ഓൺലൈൻ ഇടപാടുകൾക്ക് സിവിവി ഫ്രീ സംവിധാനമൊരുക്കിയിരിക്കുന്നത്. ടോക്കണൈസേഷൻ സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് പുതിയ നീക്കമെന്നും വിസ വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് തുടക്കമിട്ട സിവിവി രഹിത സംവിധാനം വഴി ഓൺലൈൻ ഇടപാടുകൾ സുഗമമാക്കുകയാണ് ലക്ഷ്യം. വിസ കാർഡുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾക്ക് നിലവിൽ ടോക്കണൈസേഷനാണ് വ്യാപാരികൾ ആശ്രയിക്കുന്നത്. എന്നാൽ സിവിവി ഫീച്ചർ നിലവിൽ വന്നതോടെ, ഓരോ തവണ ആഭ്യന്തര ഇടപാടുകൾ നടത്തുമ്പോഴും ഉപഭോക്താക്കൾക്ക് അവരുടെ സിവിവി നൽകേണ്ടിവരില്ല. കാർഡ് ടോക്കണൈസുചെയ്യുന്ന സമയത്ത്, കാർഡിന്റെ പിൻഭാഗത്തുള്ള മൂന്നക്ക നമ്പറും, ആവശ്യമായ വിവരങ്ങളും ബന്ധപ്പെട്ടവർ പരിശോധിച്ചുറപ്പിക്കുന്നുണ്ട്. അതിനാൽ തുടർന്നുള്ള ഇടപാടുകളിൽ വീണ്ടും സിവിവി നൽകാതെ തന്നെ ഇടപാടുകൾ ഈസിയായി നടത്താം.