ഇഞ്ചിയുടെ നല്ല കാലം; കർഷകർ സന്തോഷത്തിൽ

ഇഞ്ചി കര്‍ഷകരുടെ സമയം തെളിഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ–മേയ് മാസത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി ഇഞ്ചി. ഇന്നലെ മാനന്തവാടിയിൽ 7,000 രൂപയ്ക്കാണ് 60 കിലോയുടെ ഒരു ചാക്ക് ഇഞ്ചി വിറ്റുപോയത്. 2012ൽ കുറച്ചുകാലം ഒരു ചാക്കിന് 6,000 രൂപ വരെ എത്തിയതാണ് ഇതിനു മുൻപുള്ള ഏറ്റവും ഉയർന്നവില. വിപണിയിൽ ഇഞ്ചി ആവശ്യത്തിനു ലഭ്യമല്ലാതായതാണ് വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിനു കാരണം.

ഓഗസ്റ്റിലാണ് സാധാരണയായി ഇഞ്ചിക്ക് ഉയർന്ന വില ലഭിക്കാറുള്ളത്. എന്നാൽ, ഇത്തവണ ഉൽപാദനം കുത്തനെ കുറഞ്ഞതോടെ ഈ സീസണിലും വിലവർധിച്ചു.‌കർണാടകയിൽ കഴിഞ്ഞ 2 വർഷങ്ങളിലെ പെരുമഴയിൽ ഹെക്ടർ കണക്കിനു കൃഷിയാണു നശിച്ചുപോയത്. ബാക്കിവന്ന ഇ‍ഞ്ചി, കർഷകർ ഉടൻതന്നെ പറിച്ചുവിൽക്കുകയും ചെയ്തതോടെ ഇഞ്ചിക്കു ക്ഷാമമായി. മുൻ‌വർഷങ്ങളിലെ വിലക്കുറവും കൃഷി കുറയാൻ കാരണമായി.2012നു ശേഷം രണ്ടുസീസണിൽ മാത്രമാണ് ഇഞ്ചിക്കു മോശമല്ലാത്ത വില ലഭിച്ചത്. 2020 ഡിസംബറിൽ ചാക്കിന് 1000 രൂപയായി കുറഞ്ഞു.