തിരുവനന്തപുരം. കെ.ഫോണ്‍ നടപ്പായതോടെ സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യതയാകുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പവുമായി അധികൃതര്‍. കിഫ്ബിയില്‍ നിന്നെടുത്ത വായ്പയ്ക്ക് കെ ഫോണ്‍ തിരിച്ചടയ്ക്കേണ്ടത് വര്‍ഷം 100 കോടി രൂപയാണ്. വാണിജ്യ കണക്ഷനുകള്‍ നല്‍കിയും ഡാര്‍ക് ഫൈബര്‍ വാടകയ്ക്ക് നല്‍കിയും പണം കണ്ടെത്താമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
വര്‍ഷം 350 കോടിയുടെ ബിസിനസ് കിട്ടിയില്ലെങ്കില്‍ കെ ഫോണ്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തും. അതേസമയം സേവനാടിസ്ഥാനത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായാണ് സേവനം നല്‍കുന്നത്.
കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി കിഫ്ബിയില്‍ നിന്ന് 1011 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 600 കോടി എടുത്തു. ഈ പണം മൂന്നു വര്‍ഷം കഴിഞ്ഞാല്‍ പലിശസഹിതം തവണകളായി മടക്കിനല്കണം. വര്‍ഷം 100 കോടി വീതം. പദ്ധതി നടപ്പിലാക്കുന്ന ബെല്‍ കണ്‍സോര്‍ഷ്യത്തിന് ഏഴുവര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ക്കായി 363 കോടി നല്‍കണം. ഈ പണം സര്‍ക്കാര്‍ കെഫോണിന് നല്‍കില്ല. പകരം കെഫോണ്‍ സ്വന്തം ബിസിനസില്‍ നിന്ന് പണം കണ്ടെത്തണം. കെ.എസ്.ഇ.ബിക്ക് 15 കോടി വര്‍ഷം തോറും നല്‍കണം. ഓഫീസ് ചെലവ് വര്‍ഷം 15 കോടി. ഇത്രയും ചെലവുകള്‍ക്കായി പ്രതിവര്‍ഷം 350 കോടി രൂപയുടെ ബിസിനസ് കിട്ടണം. കിഫ്ബി വായ്പ തിരിച്ചടയ്ക്കുന്നതിനായി വാണിജ്യപ്രവര്‍ത്തനങ്ങളില്‍ നിന്ന് പണം കണ്ടെത്താനാണ് കെ ഫോണ്‍ ശ്രമിക്കുന്നത്.
സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള താരിഫ് പ്ലാനിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. ഇതിനു പുറമെ ഡാര്‍ക് ഫൈബര്‍ വാടകയ്ക്ക് നല്‍കാനും തീരുമാനിച്ചു. കിലോമീറ്ററിന് 20000 രൂപയെങ്കിലും വര്‍ഷം വാടക കിട്ടുമെന്നാണ് പ്രതീക്ഷ. ഇന്റര്‍നെറ്റ് ലീസ് ലൈന്‍ വഴി 100 കോടിയും പ്രതീക്ഷിക്കുന്നു. ഫൈബര്‍ റ്റു ഹോം, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കണക്ഷന് നല്കുന്ന കോ ലൊക്കേഷന്‍ സൗകര്യം, ഐ.പി.ടി.വി, ഒ.ടി.ടി തുടങ്ങിയവയില്‍ നിന്നും വരുമാനം കിട്ടുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.