തിരുവനന്തപുരം. പ്രകൃതി സൗഹൃദ ഇലക്ട്രിക് കാര്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍. ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥി കൂട്ടായ്മയായ പ്രവേഗയാണു പ്രകൃതി സൗഹൃദ റേസിംഗ് കാര്‍ രൂപകല്‍പ്പന ചെയ്തത്.
പ്രകൃതി സൗഹൃദമാക്കാനായി മുളകളുപയോഗിച്ചാണു വാഹന ബോഡി നിര്‍മ്മിച്ചത്. പ്രാട്ടോടൈപ്പ് ഇലക്ട്രിക് വാഹനത്തില്‍ മൂന്ന് അള്‍ട്രാവൈഡ് ക്യാമറകള്‍ അടങ്ങുന്ന ഡാറ്റ & ടെലിമെട്രി സംവിധാനമുണ്ട്. വാഹനത്തിന് അത്യാധുനിക പാസീവ് ബാറ്ററി തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം (ബിടിഎംഎസ്) ഉണ്ട്.
പ്രകൃതി സൗഹൃദ റേസിംഗ് കാറിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹഹിച്ചു. നൂതനാശയങ്ങളും സംരംഭകത്വവും പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന ഗവണ്‍മെന്റിന്റേതെന്നും വിദ്യാര്‍ഥികളുടെ നൂതാനാശയങ്ങള്‍ക്ക് പൂര്‍ണ പിന്‍തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു.
ആഗോള താപനം രൂക്ഷമാകുന്ന കാലത്ത് ഹരിതോര്‍ജ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനം എന്ന ആശയം പ്രസക്തമാണ്. ബാറ്ററി സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാഹനത്തിന്റെ ബോഡി മുള ഉല്‍പ്പന്നങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയും മൗലികതയുമുള്ള വിദ്യാര്‍ത്ഥികളുടെ അദ്ധ്വാനമാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. നൂതനമായി തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് കെ ഡിസ്‌കിനു കീഴില്‍ ഇന്നവേറ്റിവ് എന്റര്‍പ്രണേഴ്‌സ് പ്രോഗ്രാം എന്ന സ്‌കീം നിലവിലുണ്ട്. 25 ലക്ഷം വരെ സാമ്പത്തിക സഹായം ലഭ്യമാകുന്ന ഈ അവസരം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം.
നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വിജയികളായ ബാര്‍ട്ടണ്‍ ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ആശയ സാക്ഷാത്കാരത്തിന് ഗതാഗത വകുപ്പ് ധനസഹായം നല്‍കി.
ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ എം.എസ്. രാജശ്രീ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ജി. ഷൈനി സ്വാഗതം ആശംസിച്ചു. വി. കെ. പ്രശാന്ത് എം.എല്‍.എ, കൗണ്‍സിലര്‍ മേരി പുഷ്പം, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.