ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. അടുത്തമാസം 16 മുതൽ മസ്കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്ക് പറക്കുക. തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ ഒമ്പതുമണിക്കും രാത്രി 8.15-നുമിടയിൽ ആഴ്ചയിൽ നാലുസർവീസുണ്ടാകും.
ജൂലായ് അഞ്ചുമുതലാണ് ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ യു.എ.ഇ.യിലെ ഫുജൈറ വിമാനത്താവളത്തിൽനിന്ന് സേവനം തുടങ്ങുന്നത്. കേരളത്തിലേക്കുകൂടാതെ ജയ്പുരിലേക്കും ലഖ്നൗവിലേക്കും സർവീസുണ്ടാകും. ഫുജൈറയിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് കുറഞ്ഞനിരക്കിൽ നാട്ടിലെത്താനാവുമെന്നതാണ് നേട്ടം. 40 കിലോ ലഗേജ് കൊണ്ടുപോകാമെന്ന് അധികൃതർ അറിയിച്ചു.