തിരുവനന്തപുരം. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് നൽകി വന്നിരുന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി. എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനുവും പുതുക്കി. പുതിയ മെനുവായിരിക്കും ഇനി ലഭ്യമാവുക. പ്രവാസികൾക്ക് കുറഞ്ഞ ചെലവിലുള്ള യാത്രയും സൗജന്യ ഭക്ഷണമടക്കമുള്ള സംവിധാനങ്ങളും നൽകിയാണ് എയർഇന്ത്യ സർവീസ് നടത്തിയിരുന്നത്. വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും നൽകി വന്നിരുന്ന ഇളവുകൾ നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെ സൗജന്യ ഭക്ഷണവും നിർത്തലാക്കിയത് യാത്രക്കാർക്ക് തിരിച്ചടിയായി.
സ്വകാര്യ എയർലെെനുകളുടെ കൊള്ളയിൽ യാത്രക്കാർക്ക് ആശ്വാസമായിരുന്നത് എയർഇന്ത്യയായിരുന്നു. വിമാന യാത്രാനിരക്ക് വൻതോതിൽ വർധിപ്പിച്ച് വിമാനക്കമ്പനികളെല്ലാം പ്രവാസികളടക്കമുള്ളവരെ ചൂഷണം ചെയ്യുകയാണ്. അതിനിടെ കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള പതിനാലോളം സർവീസുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. ദുബായിൽ നിന്നുള്ള എയർ ഇന്ത്യയുടെ ‘ഡ്രീം ലൈൻ’ നിർത്തലാക്കി. ദില്ലിയിൽനിന്ന് ദുബായിലേക്കാണ് ആ സർവീസ് ഇപ്പോൾ നടത്തുന്നത്.