ഡല്‍ഹി: ഇത്തവണയും റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചില്ല. തുടര്‍ച്ചയായി നാലാം തവണയാണ് റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്താത്തത്.
ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ 6.5ശതമാനം ആയി തുടരും. 2 മാസത്തേക്കു കൂടി ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കില്‍ തുടരുമെന്നതിനാല്‍ വായ്പയെടുത്തവര്‍ക്ക് തിരിച്ചടവ് ഭാരം കൂടില്ല. പലിശനിരക്ക് തീരുമാനിക്കുന്ന ആര്‍ബിഐ പണനയസമിതിയുടെ (എംപിസി) അടുത്ത യോഗം ഡിസംബര്‍ 6 മുതല്‍ 8 വരെയാണ്.
വിലക്കയറ്റ ഭീഷണി തുടരുന്നതിനാല്‍ പലിശനിരക്ക് കുറയ്ക്കാനുള്ള സമയമായിട്ടില്ലെന്നും റിസര്‍വ് ബാങ്ക് സൂചന നല്കി. തുടര്‍ച്ചയായി നിരക്ക് 4 ശതമാനത്തിനടുത്ത് എത്തിയാല്‍ മാത്രമേ പലിശനിരക്ക് കുറയാന്‍ സാധ്യതയുള്ളൂ. എന്നാല്‍ അടുത്ത മൂന്നു പാദങ്ങളിലെ ശരാശരി വിലക്കയറ്റത്തോത് സംബന്ധിച്ച ആര്‍ബിഐ അനുമാനം അഞ്ച് ശതമാനത്തിനു മുകളിലാണ്.
ചുരുക്കത്തില്‍ അടുത്ത വര്‍ഷത്തിന്റെ പകുതിക്കു ശേഷമേ പലിശകുറയ്ക്കാന്‍ സാധ്യതയുള്ളൂ. ഭക്ഷ്യോല്പന്നവിലയിലുണ്ടാകുന്ന വര്‍ധനയാണ് പ്രധാന ആശങ്ക.
തുടര്‍ച്ചയായി 6 തവണത്തെ വര്‍ധനയ്ക്കു ശേഷം ഏപ്രിലിലാണ് പലിശനിരക്ക് വര്‍ധനയില്‍ ആര്‍ബിഐ ആദ്യമായി ഇടവേളയെടുത്തത്. പിന്നീടുള്ള 7 മാസവും പലിശനിരക്കില്‍ മാറ്റമുണ്ടായിട്ടില്ല.
നിലവിലെ പലിശനിരക്ക് തുടരാനുള്ള റിസര്‍വ് ബാങ്ക് പണനയസമിതിയുടെ (എംപിസി) തീരുമാനം ഇത്തവണയും ഏകകണ്ഠമാണ്