നയന്‍താര ബിസിനസില്‍ സജീവമാകുന്നു

ചെന്നൈ : ചലച്ചിത്രതാരം നയന്‍താര ബിസിനസില്‍ സജീവമാകുന്നു. ഡെയ്‌ലി യൂസ് പാഡും ഫാഷന്‍ ബ്യൂട്ടി കെയര്‍ ഉല്‍പ്പന്നങ്ങളും പുറത്തിറക്കിയാണ് ബിസിനസിലേക്ക് നയന്‍താര അരങ്ങേറ്റം കുറിക്കുന്നത്. 9s എന്ന പേരില്‍ അടുത്തിടെയാണ് നയന്‍താര ഒരു പുതിയ ബ്രാൻഡ് അവതരിപ്പിച്ചത്. ഫാഷന്‍, ബ്യൂട്ടി കെയര്‍ ഉത്പന്നങ്ങളാണ് 9S വഴി അവതരിപ്പിക്കുന്നത്.

ഫെമി9 എന്ന ഡെയ്ലി യൂസ് പാഡും കഴിഞ്ഞ ദിവസം നടി പുറത്തുവിട്ടിരുന്നു. സംരംഭകയും, ജീവകാരുണ്യ പ്രവര്‍ത്തകയുമായി ഡോ.ഗോമതിയുമായി ചേര്‍ന്നാണ് നയന്‍താര ഈ ബ്രാന്റ് അവതരിപ്പിക്കുന്നത്.

സ്ത്രീ ആര്‍ത്തവം സംബന്ധിച്ച ബോധവത്കരണത്തിലൂടെ തമിഴ് നാട്ടില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയും സംരംഭകയുമാണ് ഡോ.ഗോമതി. ഈ വിജയദശമി ആഘോഷ വേളയില്‍ ഫെമി 9 ന്‍റെ അഭിമാനകരമായ യാത്രയും ആരംഭിക്കുകയാണ്. വ്യക്തി ശുചിത്വം സംബന്ധിച്ച ഒരു ബ്രാന്റ് മാത്രമല്ല ഫെമി 9. ഇത് ഒരോ സ്ത്രീയുടെയും ശക്തിയും സൌന്ദര്യവും ചേര്‍ന്നതാണ്. ഇത്തരം ഒരു ശക്തീകരണ സംരഭത്തെ പ്രോത്സാഹിപ്പിക്കൂ. തമ്മില്‍ സഹായിച്ച്‌ വളരാം – ഫെമി 9 സംബന്ധിച്ച സോഷ്യല്‍ മീഡിയ കുറിപ്പില്‍ നയന്‍താര പറയുന്നു.

പുതിയ ഉത്പന്നത്തോടൊപ്പം ഭര്‍ത്താവ് വിഘ്നേശ് ശിവനൊപ്പവും, ഡോ.ഗോമതിക്കൊപ്പവും ഉള്ള ചിത്രങ്ങള്‍ നയന്‍താര പോസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംരംഭം ആരംഭിച്ചതില്‍ സോഷ്യല്‍ മീഡിയയില്‍ പലരും നയന്‍സിനെ അഭിനന്ദിക്കുന്നുണ്ട്.

ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന മണ്ണാങ്കട്ടിയിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്. പേര് ഒരു കോമഡി ചിത്രമാണ് എന്ന് തോന്നിക്കുമെങ്കിലും കോളിവുഡ് വാര്‍ത്തകള്‍ പ്രകാരം ഗൌരവമേറിയ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരം. സാമൂഹ്യ പ്രശ്നങ്ങള്‍ അടക്കം ചിത്രം വിമര്‍ശന വിധേയമാക്കുന്നു എന്നാണ് വിവരം.

നയന്‍താര മുന്‍പേ കഥ കേട്ട് ഇഷ്ടപ്പെട്ട് ചെയ്യാന്‍ സമ്മതിച്ച ചിത്രമാണ് ഡ്യൂഡ് വിക്കിയുടെ ചിത്രം എന്നാണ് കോളിവുഡിലെ സംസാരം. എന്നാല്‍ ജവാന്‍ അടക്കം വന്‍ ചിത്രങ്ങളുടെ തിരക്കിന് ശേഷം ചെയ്യാം എന്ന രീതിയില്‍ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു.