അനുവാദമില്ലാതെ തന്റെ ഫോട്ടോ പ്രൊമോഷനു വേണ്ടി ഉപയോഗിച്ച ഫാഷന്‍ ലേബലിനെതിരെ നടി മാന്വ് ഗാഗ്രൂ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഫാഷന്‍ ബ്രാന്‍ഡ് ക്ഷമാപണം നടത്തിയെന്നും വിഷയം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കിയിരിക്കുകയാണ് മാന്‍വി. കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്റെ ചിത്രം ഉപയോഗിച്ച ഫാഷന്‍ ബ്രാന്‍ഡിനെതിരെ കുറിപ്പുമായി മാന്‍വി രംഗത്തെത്തിയത്. ഫാഷന്‍ ലേബലിന്റെ പ്രൊമോഷനു വേണ്ടി തന്റെ ചിത്രം ഉപയോഗിച്ചതു മാത്രമല്ല അതിനു നല്കിയ ക്യാപ്ഷന്‍ കൂടിയാണ് മാന്‍വിയെ ചൊടിപ്പിച്ചത്. നിങ്ങളുടെ ശരീരത്തിലെ വടിവുകള്‍ മറയ്ക്കാനുള്ള വസ്ത്രങ്ങള്‍ എന്നു പറഞ്ഞാണ് മാന്‍വിയുടെ ചിത്രം ഉപയോഗിച്ചിരുന്നത്. ചിത്രം ഉപയോഗിച്ചതിനൊപ്പം ഇത്തരം ക്യാപ്ഷന്‍ കൂടി നല്‍കിയത് ബോഡിഷെയിമിങ് ആണെന്നാണ് മാന്‍വി പറയുന്നത്. ഫാഷന്‍ ലേബലിനെതിരേ കുറിക്കു കൊള്ളുന്ന പോസ്റ്റും മാന്‍വി പങ്കുവച്ചു. ” ഞാന്‍ ഈ വസ്ത്രം ധരിച്ചത് എന്റെ ശരീരത്തിലെ വടിവുകള്‍ മറയ്ക്കാനല്ല. ഈ ബ്രാന്‍ഡിന് സ്പോണ്‍സേര്‍ഡ് പോസ്റ്റില്‍ എന്റെ ചിത്രം ഉപയോഗിക്കാനുള്ള അനുവാദം ഇല്ലെന്നു മാത്രമല്ല ആരെയും വണ്ണത്തിന്റെ പേരില്‍ കളിയാക്കാനുള്ള അനുവാദവുമില്ല. – എന്നാണ് മാന്‍വി കുറിച്ചത്.
തൊട്ടുപിന്നാലെ ക്ഷമാപണക്കുറിപ്പുമായി ബ്രാന്‍ഡ് രംഗത്തെത്തുകയും ചെയ്തു. മാന്‍വിയുടെ സെലിബ്രിറ്റി സ്റ്റാറ്റസിനെ മാത്രമല്ല ബോഡി പോസിറ്റിവിറ്റി, ബോഡി ഷെയിമിങ് എന്ന ആശയങ്ങളേയും തങ്ങളുടെ ബ്രാന്‍ഡ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും അത്തരത്തിലുള്ള പരിഹാസങ്ങളോട് എന്നും എതിര്‍പ്പുള്ളവരാണെന്നും കുറിച്ചു. വിഷയത്തില്‍ ക്ഷമാപണം നടത്തുവെന്നും മേല്‍പ്പറഞ്ഞ പരസ്യം പിന്‍വലിക്കുന്നുവെന്നും ബ്രാന്‍ഡ് വ്യക്തമാക്കി.