ഇ-കൊമേഴ്‌സ് മേഖലയും കൈയ്യടക്കാനുറച്ച് മുകേഷ് അംബാനി

ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ എതിരാളികളെ തറപറ്റിച്ച അതേ തന്ത്രങ്ങള്‍ പയറ്റി ഇ-കൊമേഴ്‌സ് മേഖലയും പിടിച്ചെടുക്കാനൊരുങ്ങുകയാണ് മുകേഷ് അംബാനി.
ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് സീസണില്‍ വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ടിനോടും ആമസോണിനോടും ഏറ്റുമുട്ടാനൊരുങ്ങുകയാണ് റിലയന്‍സിന്റെ റീട്ടെയില്‍ വെബ്‌സൈറ്റുകള്‍. ജിയോ മാര്‍ട്ടും റിലയന്‍സ് ഡിജിറ്റലും അതിനായി ഒരുങ്ങിക്കഴിഞ്ഞു.
മത്സരത്തിന്റെ ഭാഗമായി മധുരപലഹാരങ്ങള്‍ക്കും സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും 50 ശതമാനംവരെ കിഴിവാണ് ജിയോ മാര്‍ട്ടില്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റിലാകട്ടെ, സാംസങിന്റെ മുന്തിയ ഇനം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനത്തിലേറെയാണ് വിലക്കിഴിവ്. എതിരാളികളായ ഇകൊമേഴ്‌സ് സ്ഥാപനങ്ങളെ ഇക്കാര്യത്തില്‍ ഇതിനകം കടത്തിവെട്ടിക്കഴിഞ്ഞു റിലയന്‍സ് ഡിജിറ്റല്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നില്‍ നിര്‍ത്തി ടെക്‌നോളജി കമ്പനികള്‍ക്കായി 20 ബില്യണ്‍ ഡോളര്‍ സമാഹരിച്ചശേഷം റീട്ടെയില്‍ ബിസിനസിലേയ്ക്ക് വന്‍തുക വാരിക്കൂട്ടുന്നതിനാണ് ഇപ്പോള്‍ അംബാനിയുടെ ശ്രമം. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. കെകെആര്‍, സില്‍വര്‍ലേയ്ക്ക് എന്നീ വന്‍കിട വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍നിന്ന് അടുത്തയിടെ 600 കോടി രൂപയുടെ നിക്ഷേപമാണ് സമാഹരിച്ചത്.
എക്‌സ്‌ക്ലൂസീവ് ഉത്പന്നങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ അന്തര്‍ദ്ദേശീയ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.പ്രാദേശിക സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളില്‍ 51 ശതമാനത്തിലധകം ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ വിദേശ കമ്പനികള്‍ക്ക് കഴിയുകയുമില്ല. ആഭ്യന്തര ചില്ലറ വ്യാപാരികള്‍ക്ക് അനുകൂലമായി നിലപാടുകളാണ് നിലവില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അത് റിലയന്‍സിന് ഏറെ ഗുണം ചെയ്യും.
പ്രാദേശിക സ്വാധീനതന്ത്രം, കുറഞ്ഞ ചെലവില്‍ സംഭരണം, സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ശൃംഖല എന്നിവ പ്രയോജനപ്പെടുത്തി റീട്ടെയില്‍ മേഖല പിടിച്ചെടുക്കാനുള്ള നീക്കമാണ് അംബാനി നടത്തുന്നത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here