കൊച്ചി: ഇന്ത്യയിലെ വാഹന വിപണി സ്വന്തമാക്കാന്‍ ഒല കാര്‍സ് വരുന്നു. യൂസ്ഡ് കാര്‍ വിപണി സ്വന്തമാക്കാനാണ് ഒല ഗ്രൂപ്പിന്റെ ആദ്യ ശ്രമം. അധികം വൈകാതെ പുതിയ വാഹനങ്ങളും വാങ്ങാനാകും.
വാഹന വില്‍പ്പന മാത്രമല്ല, അതുമായി ബന്ധപ്പെട്ട വായ്പ, ഇന്‍ഷുറന്‍സ്, രജിസ്ട്രേഷന്, മെയ്ന്റനന്‍സ്, ആക്സസറീസ് തുടങ്ങിയ സേവനങ്ങളെല്ലാം ഒല കാര്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്.
വാഹനം വാങ്ങുവാനും വില്‍ക്കുവാനും സേവനങ്ങള്‍ക്കുമായി ഒരൊറ്റ സംവിധാനം എന്ന നിലയില്‍ ഒല കാര്‍സിനെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം.
തുടക്കത്തില്‍ പ്രീ ഓണ്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയാകും ഉണ്ടാകുക. താമസിയാതെ ഒല ഇലക്ട്രിന്റെയും മറ്റു ബ്രാന്‍ഡുകളുടെയും പുതിയ വാഹനങ്ങളും ഇതിലൂടെ വാങ്ങാനാകൂം. ആദ്യഘട്ടത്തില്‍ 30 നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. അടുത്ത ഒരു വര്‍ഷം കൊണ്ട് 100 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.
ഉപഭോക്താക്കള്‍ റീറ്റെയ്ല്‍ സ്റ്റോര്‍ മോഡലുകളില്‍ തൃപ്തരല്ലെന്നും കൂടുതല്‍ സുതാര്യതയും ഡിജിറ്റല്‍ അനുഭവവും അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഒല സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായി ഭവിഷ് അഗര്‍വാള്‍ പറയുന്നു.
ഒല കാര്‍സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അരുണ്‍ സര്ദേശ്മുഖിനെ നിയമിച്ചിട്ടുണ്ട്. ആമസോണ്‍ ഇന്ത്യ, റിലയന്‍സ് ട്രെന്‍ഡ്സ്, ഐബിഎം ഗ്ലോബല്‍ സര്‍വീസസ് തുടങ്ങിയ കമ്ബനികളില്‍ പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്.
അടുത്തിടെ ഇലക്ട്രിക് വെഹിക്കള്‍ വിഭാഗത്തില്‍ രണ്ടു പുതിയ സ്കൂട്ടറുകള് ഒല പുറത്തിറക്കിയിരുന്നു. ഒല എസ് 1, ഒല എസ് 1 പ്രോ എന്നിവയാണവ.