അന്‍ഷാദ് കൂട്ടുകുന്നം
തിരുവനന്തപുരം. സംസ്ഥാനത്ത് ഫഌറ്റ് നിര്‍മാണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മൂന്നര വര്‍ഷങ്ങളിലായി 294 ഫഌറ്റുകള്‍ മാത്രമാണ് പൂര്‍ത്തിയായി ഉടമകള്‍ക്ക് കൈമാറിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറ്റവും കുറവാണിത്. കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത കണക്കാണിത്. ലൈഫ് മിഷന് വഴി സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നല്കുന്ന ഫഌറ്റ് ഈ കണക്കില്‍ ഉള്‍പ്പെടില്ല.
സ്റ്റാമ്പ് ഡൂട്ടി പരിഷ്ക്കരിച്ചതോടെ കേരളത്തില്‍ ഫഌറ്റ് വിലയില്‍ വന്‍ വര്‍ധനവ് വന്നിരുന്നു. പഴക്കം ചെല്ലുന്തോറും ഫഌറ്റുകളുടെ വില വര്‍ധിക്കാത്തതും വീടുകള്‍ക്കു വില വര്‍ധിക്കുന്നതുമാണ് കേരളത്തില്‍ ഈ മേഖലയിലെ തിരിച്ചടിക്കു കാരണം. അതേസമയം സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിച്ചതോടെ ഇനിയും ഈ മേഖലയില്‍ തകര്‍ച്ച തുടരുമെന്നാണു വിദഗ്ധര്‍ പറയുന്നത്.
സംസ്ഥാനത്തു പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് ഫഌറ്റുകളുള്ളത്. ഇതില്‍ തന്നെ നല്ലൊരു ശതമാനം ലൈഫ് മിഷന് വഴി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയതാണ്.
അതേസമയം മഹാരാഷ്ട്രയില്‍ ഫഌറ്റ് നിര്‍മാണം ആകെ കെട്ടിടങ്ങളുടെ നാല്പത് ശതമാനമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 60000 ഫഌറ്റുകളുടെ നിര്‍മാണമാണ് മഹാരാഷ്ട്രയില്‍ പൂര്‍ത്തിയാക്കിയത്. മറ്റു സംസ്ഥാനങ്ങളിലും ഫഌറ്റുകളോട് പ്രിയം. 2020ല്‍ 31 ഫഌറ്റുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ 113, 2022ല്‍ 159, 2023ല്‍ 75 ഇങ്ങനെ ഇതുവരെ ആകെ 378 ഫഌറ്റുകളുടെ രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 960 ഫഌറ്റുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. 294 എണ്ണം ഉടമകള്‍ക്കു കൈമാറി.
അതേസമയം വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ ചതുരശ്ര അടി കണക്കില്‍ വില്‍പ്പന നടത്തുന്നതു കേരളത്തില്‍ കുറവാണ്. ആകെ മൂന്നെണ്ണം മലബാറില്‍ വില്‍പ്പന നടത്തിയത് ഒഴിച്ചാല്‍ കാര്യമായ വില്‍പ്പന ഈ മേഖലയിലില്ല.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്റ്റാമ്പ് ഡ്യൂട്ടിയുള്ളത് കേരളത്തിലാണ്. എട്ടു ശതമാനം. ഒരു ശതമാനമാണ് രജിസ്ട്രേഷന് ഫീസ്. തമിഴ്നാട്ടില്‍ ഏഴു ശതമാനമാണ്. പഞ്ചാബില്‍ പുരുഷന്മാര്ക്ക് ഏഴും സ്ത്രീകള്‍ക്ക് അഞ്ച് ശതമാനവുമാണ്. ഉത്തര്‍പ്രദേശില്‍ ഏഴു ശതമാനം. എന്നാല്‍ രജിസ്ട്രേഷന് ഫീസ് രണ്ട് ശതമാനമായതിനാല്‍ കേരളവും ഉത്തര്‍പ്രദേശും ചെലവാകുന്ന തുകയുടെ കാര്യത്തില്‍ തുല്യമാണ്.
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ ഏറ്റവും കുറവ് കര്‍ണാടകയിലാണ്. 20 ലക്ഷത്തിന് താഴെയുള്ള കെട്ടിടം വാങ്ങുന്നതിന് രണ്ട് ശതമാനം നികുതിയടച്ചാല്‍ മതി. 21 ലക്ഷം മുതല്‍ 45 ലക്ഷം വരെ മൂന്നു ശതമാനം മാത്രം.
കെട്ടിടം വാങ്ങാന്‍ ഏറ്റവും അധികംചെലവു വരുന്നത് മധ്യപ്രദേശിലാണ്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 7.5 ശതമാനമാണെങ്കില്‍ രജിസ്ട്രേഷന് ഫീസ് മൂന്നു ശതമാനമാണ്. ആകെ 10.5 ശതമാനമാകും.