കൊറോണക്കാലത്തും സമ്പത്തില്‍ മുകേഷ് അംബാനി ഏഷ്യയിലെ ഒന്നാമന്‍

ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം വീണ്ടും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂംബര്‍ഗ് തയ്യാറാക്കിയ പട്ടികയിലാണ് ഏഷ്യയിലെ അതിസമ്പന്നരില്‍ ഒന്നാമനായിരുന്ന ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക് മായെ പിന്തള്ളി മുകേഷ് അംബാനി ഈ നേട്ടം സ്വന്തമാക്കിയത്. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡില്‍ ഫെയ്സ് ബുക്ക് 9.9 ശതമാനം ഓഹരികള്‍ വാങ്ങിയതോടെ റിലയന്‍സ് ഓഹരികള്‍ ബുധനാഴ്ച പത്തുശതമാനത്തിലധികം നേട്ടമുണ്ടാക്കിയിരുന്നു. ഇടപാടിനെ തുടര്‍ന്ന്, റിലയന്‍സ് ഓഹരിവില കുതിച്ചതിന്റെ കരുത്തില്‍ മുകേഷിന്റെ ആസ്തി 470 കോടി ഡോളര്‍ വര്‍ദ്ധിച്ച് 4,920 കോടി ഡോളറിലെത്തി. ഇതാണ് അദ്ദേഹത്തെ മുന്നിലെത്തിച്ചത്.
2014-ല്‍ വാട്സാപ്പിനെ ഏറ്റെടുത്തശേഷം ഫേസ്ബുക്ക് നടത്തുന്ന ഏറ്റവുംവലിയ നിക്ഷേപമാണ് ജിയോയിലേത്. അതേസമയം ബ്ലൂംബര്‍ഗിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ലോകത്തില്‍ 17-ാം സ്ഥാനത്താണ് മുകേഷ് അംബാനിയിപ്പോള്‍. 4920 കോടി ഡോളറിന്റെ (3.74 ലക്ഷം കോടി രൂപ) വിപണിമൂല്യമാണ് അദ്ദേഹത്തിനുള്ളത്.