സൈപ്രസിലേക്ക് വരൂ; കോവിഡ് ബാധിച്ചാല്‍ സര്‍ക്കാര്‍ നോക്കിക്കോളാമെന്ന്

തങ്ങളുടെ രാജ്യത്തില്‍ വന്ന് കോവിഡ് ബാധിച്ചാല്‍ എല്ലാ ചികിത്സയും ആഹാരവും താമസവും സൗജന്യമായി നല്‍കാമെന്ന് സൈപ്രസ്. ലോക ടൂറിസം കോവിഡ് ബാധിച്ചു വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. തങ്ങളുടെ രാജ്യങ്ങളിലെ ടൂറിസത്തെ പിടിച്ചുയര്‍ത്തുവാന്‍ പല പല ആശയങ്ങള്‍ പരീക്ഷിക്കുകയാണു ടൂറിസം വരുമാനമാക്കിയ രാജ്യങ്ങള്‍.
ഇപ്പോഴിതാ പുത്തന്‍ ഓഫറുമായി രംഗത്തു വന്നിരിക്കുകയാണ് സൈപ്രസ് എന്ന രാജ്യം. ഇവിടേക്ക് യാത്ര ചെയ്യവെ സഞ്ചാരികള്‍ക്ക് വൈറസ് ബാധിച്ചാല്‍ അയാളുടെ ചെലവ് മുഴുവനും സര്‍ക്കാര്‍ വഹിക്കും. ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു.
വിവിധ രാഷ്ട്രങ്ങള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റുകളെ അവര്‍ സ്വാഗതം ചെയ്യാനും തുടങ്ങി. ചികിത്സാ ചെലവിന് പുറമെ മറ്റ് ചെലവുകളും സര്‍ക്കാര്‍ തന്നെ വഹിക്കും. ഭക്ഷണം, താമസം, മരുന്നുകള്‍ക്കായുള്ള ചെലവ് എന്നിവയെല്ലാം സര്‍ക്കാര്‍ നോക്കും.
അതേസമയം രോഗികള്‍ തിരിച്ച് നാട്ടിലേക്കുള്ള മടക്കയാത്രയുടെ ടിക്കറ്റ് നോക്കണം. ദ്വീപ് രാഷ്ട്രത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതിയുമായി രംഗത്തു വന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ ടൂറിസം മേഖല വഹിക്കുന്ന പങ്ക് 15 ശതമാനത്തോളമാണ്. ഇതാണ് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പുത്തന്‍ ആശയങ്ങള്‍ കണ്ട് പിടിക്കാന്‍ കാരണം.
100 ബെഡുകളുള്ള ആശുപത്രിയും ടൂറിസ്റ്റുകള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍ക്ക് ക്വാറന്റൈനില്‍ കഴിയാനായി ഹോട്ടലുകളും സജ്ജീകരിക്കും. സൈപ്രസില്‍ ജൂണ്‍ 9 ന് വിമാനത്താവളങ്ങള്‍ തുറക്കും. കൊറോണ ഭീതി താരതമ്യേനെ കുറഞ്ഞ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും. ഗ്രീസ്, ജര്‍മ്മനി, മാള്‍ട്ട, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.യാത്ര ചെയ്യുന്നതിന് മുമ്പ് കൊറോണ വൈറസ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിക്കണം. അറൈവലില്‍ തെര്‍മല്‍ ടെസ്റ്റിനും ടൂറിസ്റ്റുകള്‍ വിധേയരാവണം.