കോവിഡ് കാലത്ത് കേരളത്തില്‍ എത്തിയത് 20 ഐ.ടി കമ്പനികള്‍

ലോക്ഡൗണിനു ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐടി കമ്പനികൾ. പുതിയ കമ്പനികൾ വന്നതോടെ മുന്നൂറിലധികം പേർക്കാണ് പുതിയതായി തൊഴിൽ ലഭിച്ചത്. നിലവിൽ പ്രവർത്തിച്ചിരുന്ന അഞ്ച് കമ്പനികൾ വികസനത്തിന്റെ ഭാഗമായി കൂടുതൽ സ്ഥലം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നൂറു ദിവസത്തിനുള്ളിൽ ടെക്നോപാർക്കിൽ 500 ഉം ഇൻഫോപാർക്കിൽ ആയിരവും സൈബർപാർക്കിൽ 125ഉം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെക്‌നോസിറ്റിയിലെ ഐടി കെട്ടിട സമുച്ചയം, ടെക്‌നോപാർക്ക് മൂന്നാം ഘട്ടത്തിലെ ടോറസ് ഗ്രൂപ്പിന്റെ ഐടി കെട്ടിടം, ടെക്‌നോസിറ്റിയിലും ടെക്‌നോപാർക്ക് ഒന്നാം ഘട്ടത്തിലും നടപ്പാക്കുന്ന ബ്രിഗേഡ് പദ്ധതി, ഇൻഫോപാർക്കിലെ ബ്രിഗേഡ് കാർണിവൽ, ലുലു കമ്പനികളുടെ പദ്ധതികൾ എന്നിവയാണ് ഐടി മേഖലയിൽ സംസ്ഥാനത്തെ പ്രധാന പുതിയ പദ്ധതികൾ. ടെക്‌നോപാർക്കിൽ നിലവിൽ പ്രവർത്തിക്കുന്ന വിൻവിഷ് കമ്പനി ഒരു ഏക്കറിൽ ഐടി കാമ്പസ് നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നൂറു കോടി രൂപയുടെ പദ്ധതിയാണിത്. കൂടുതൽ കമ്പനികൾ കേരളത്തിലേക്ക് വരുന്നതിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.

കേരളത്തിലെ ഐ ടി മേഖലയിലെ വികസന പ്രവർത്തനങ്ങളും ത്വരിതപ്പെടുത്തിയിട്ടുണ്ട്. ടെക്‌നോസിറ്റിയിൽ നൂറു കോടി മുതൽ മുടക്കിൽ രണ്ടു ലക്ഷം ചതുരശ്രഅടിയിൽ നിർമിക്കുന്ന സർക്കാർ ഐടി കെട്ടിടം ഈ വർഷം ഡിസംബറിൽ കമ്മിഷൻ ചെയ്യും. നിർമ്മാണം പൂർത്തിയാക്കിയ കൊരട്ടി ഇൻഫോപാർക്ക്, ഐബിഎസിന്റെ ഐടി കാമ്പസ് എന്നിവയുടെ പ്രവർത്തനം അടുത്ത വർഷത്തോടെ ആരംഭിക്കും. കാസ്പിയൻ ടെക്നോളജി പാർക്ക്, മീഡിയ സിസ്റ്റം ഇന്ത്യാ സൊല്യൂഷൻസ്, കോഴിക്കോട് സൈബർപാർക്കിൽ പ്ലഗ്ഗ് ആന്റ് പ്ലേ ബിസിനസ്സ് ഓഫീസ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കോവിഡിനെ തുടർന്ന് ഐടി കമ്പനികൾ ഹൈബ്രിഡ് വർക്കിങ് സംവിധാനത്തിലേക്ക് മാറുന്നു. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം ഓഫീസ് എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തന രീതിയാണിത്. നിലവിൽ ഐടി പാർക്കുകളിൽ അഞ്ചു മുതൽ പത്ത് ശതമാനം വരെ ജീവനക്കാരാണ് എത്തുന്നത്.

പുതിയ രീതിയിലൂടെ കമ്പനികൾക്ക് 85 ശതമാനം വരെ ഉൽപ്പാദനക്ഷമത കൈവരിക്കാനായിട്ടുണ്ട്. കോവിഡിന് ശേഷവും 20 ശതമാനം ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം തുടരുമെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്. നിലവിൽ കേരളത്തിലെ ഐടി പാർക്കുകളിൽ ഏകദേശം 1.10 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. ഐടി പാർക്കുകളിലൂടെ നേരിട്ടല്ലാതെ 3.30 ലക്ഷം പേർക്കും തൊഴിൽ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here