ഒറ്റ ചാര്‍ജ്ജില്‍ 1600 കിലോമീറ്റര്‍ ഓടാനാവുന്ന സോളര്‍ എനര്‍ജി പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍( sEV) വിഭാഗത്തില്‍പ്പെട്ട കാര്‍ അവതരിപ്പിച്ച് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പായ അപ്‌ടേര മോട്ടോഴ്‌സ്. വാഹനത്തിന് സോളാറില്‍ പ്രതിവര്‍ഷം 17,700 കിലോമീറ്റര്‍ വരെ ഓടാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
മുന്‍ ഭാഗത്ത് രണ്ടും പിന്നില്‍ ഒരു ചക്രവുമാണ് അപ്‌ടേരയുടെ ഈ സോളാര്‍ വൈദ്യുതി വാഹനത്തിലുള്ളത്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാനാകും. 25.0 കിലോവാട്ട് മുതല്‍ 100.0 കിലോവാട്ട് വരെ ശേഷിയുള്ള നാല് വ്യത്യസ്ത ബാറ്ററിയില്‍ ഏത് വേണമെന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. വെറും ആയിരം കിലോഗ്രാമില്‍ താഴെയാണ് ഭാരം.
ഒരു മൈല്‍ സഞ്ചരിക്കാന്‍ 100 കിലോവാട്ട് ഉപയോഗിക്കുന്ന ഫ്രണ്ട് വീല്‍ ഡ്രൈവ് വേണോ 150 കിലോ വാട്ട് ഉപയോഗിക്കുന്ന ഓള്‍ വീല്‍ ഡ്രൈവ് വേണോ എന്നും വാഹന ഉടമകള്‍ക്ക് തീരുമാനിക്കാം. ഫ്രണ്ട് വീല്‍ ഡ്രൈവില്‍ 0100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.5 സെക്കന്റും ഓള്‍ വീല്‍ ഡ്രൈവില്‍ 3.5 സെക്കന്റും മതി ഈ വാഹനത്തിന്. പരമാവധി വേഗത മണിക്കൂറില്‍ 177 കിലോമീറ്ററാണ്.
മൂന്ന് ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള സോളാര്‍ പാനലുകള്‍ വാഹനത്തിന് മുകളിലോ പിന്‍ ഭാഗത്തോ മുന്‍ ഭാഗത്തോ ഇഷ്ടാനുസരണം വയ്ക്കാനാകും. ആവശ്യമായ സൂര്യപ്രകാശം ലഭിച്ചാല്‍ പ്രതിദിനം 65 കിലോമീറ്റര്‍ സഞ്ചരി ക്കാനുള്ള ഇന്ധനം വരെ ഈ സോളാര്‍ പാനലുകള്‍ നല്‍കും.
സോള്‍(വെള്ള), നോര്‍(കറുപ്പ്), ലൂന(വെള്ളി) നിറങ്ങളില്‍ അപ്‌ടേര സോളാര്‍ ഇവി വിപണിയിലെത്തും. വിവിധ ബാറ്ററി ശേഷികള്‍ക്കനുസരിച്ച് 25,900 ഡോളര്‍(ഏതാണ്ട് 19.10 ലക്ഷം രൂപ) മുതല്‍ 46,000 ഡോളര്‍ വരെയാണ്(ഏതാണ്ട് 33.85 ലക്ഷം രൂപ) വില. ഈ സോളാര്‍ വൈദ്യുതി കാര്‍ 100 ഡോളര്‍ മുടക്കി ബുക്കു ചെയ്യുന്നവര്‍ക്ക് അടുത്തവര്‍ഷം വാഹനം നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.