തിരുവനന്തപുരം: മുഴുവന്‍ ബിവറേജസ് കോര്പറേഷന് (ബെവ്കോ) ഔട്ട്ലെറ്റുകളും പ്രീമിയമാക്കുന്നു. നിലവിലെ ഔട്ട്ലെറ്റുകള് മുഴുവനും ആഗസ്റ്റ് ഒന്നിനകം പ്രീമിയം ഷോപ്പുകളാക്കാന്‍ ബെവ്കോ എം.ഡി നിര്‍ദേശം നല്കി. വീഴ്ച വരുത്തിയാല്‍ റീജനല്‍ മാനേജര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് എം.ഡിയുടെ മുന്നറിയിപ്പ്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 68 പുതിയ മദ്യവില്പനശാലകള് ആരംഭിക്കാന്‍ കഴിഞ്ഞദിവസം ഉത്തരവായിരുന്നു.
ഇവയെല്ലാം പ്രീമിയം ഷോപ്പുകളാണ്. മഴയത്തും വെയിലത്തും ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഗതാഗതപ്രശ്നങ്ങള്‍ ഉള്‍പ്പെടെ സൃഷ്ടിച്ചത് കോടതി വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. പ്രീമിയം ഔട്ട്ലെറ്റുകള്ക്കുപുറമെ ഓണ്‍ലൈന്‍ സംവിധാനവും പരമാവധി പ്രയോജനപ്പെടുത്തും. മദ്യം സൂക്ഷിക്കുന്നതിനും വില്പനക്കുമുള്ള സൗകര്യങ്ങള്‍ പ്രീമിയം കൗണ്ടറുകളില്‍ ഒരുക്കണം. 2000 ചതുരശ്ര അടിയാണ് ഓരോ പ്രീമിയം ഔട്ട്ലെറ്റിനും ആവശ്യം.
നിലവിലെ ഔട്ട്ലെറ്റുകളില് ഇതിന് സ്ഥലമുണ്ടെങ്കില്‍ അവിടെത്തന്നെ തുടരാം. അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് മാറണം. നിലവില്‍ 267 ഔട്ട്ലെറ്റുകളില് 163 എണ്ണമാണ് വാക്- ഇന്‍ കൗണ്ടറല്ലാതെ പ്രവര്‍ത്തിക്കുന്നത്. ഔട്ട്ലെറ്റുകളില് വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കണമെന്നും ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്ന നിലയില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.