5ജി ഇന്ന് മുതല്‍ കേരളത്തിലും

കൊച്ചി: 5ജി ഇന്ന് മുതല്‍ കേരളത്തിലും. കൊച്ചി നഗരസഭ പരിധിയില്‍ തിരഞ്ഞെടുത്ത ചില ഇടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും.

റിലയന്‍സ് ജിയോ ആണ് സേവനങ്ങള്‍ നല്‍കുക. 5ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5ജി വിദ്യാഭ്യാസ, മെഡിക്കല്‍, തൊഴില്‍ മേഖലകളിലടക്കം വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നതില്‍ വിശദമായ അവതരണവും നടക്കും.

തിരഞ്ഞെടുത്ത മേഖലകളിലെ തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് വരുന്ന കുറച്ച്‌ ദിവസത്തേക്ക് ട്രയല്‍ റണ്ണായി ആകും 5ജി ലഭിക്കുക. അതിന് ശേഷം തിരഞ്ഞെടുത്ത കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ വ്യക്തികളിലേക്ക് 5ജി എത്തും. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5ജിയില്‍ പ്രതീക്ഷിക്കുന്നത്. 5ജി ഫോണുള്ളവര്‍ക്ക് ഫോണിലെ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയാല്‍ 5ജി ലഭിക്കും. സിം കാര്‍ഡില്‍ മാറ്റം വരുത്തേണ്ടതില്ല.

5ജി സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയര്‍ 1, ടയര്‍2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തുന്നത്. കേരളത്തില്‍ കൊച്ചിയാണ് പട്ടികയിലുണ്ടായിരുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് രാജ്യത്ത് ആദ്യമായി 5ജി സേവനം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ എട്ട് പ്രധാന നഗരങ്ങളിലാണ് സേവനം ലഭ്യമാക്കിയിരുന്നത്. പിന്നീട് നവംബര്‍ അവസാനത്തോടെ കൂടുതല്‍ നഗരങ്ങളിലേക്ക് 5ജി സേവനങ്ങള്‍ വ്യാപിപ്പിച്ചിരുന്നു.